വായുവിലും വിഷം, മരണം വരെ സംഭവിക്കാം; പുകയ്ക്കു പിന്നിൽ ‘തീഗോളം’, ബ്രഹ്മപുരം നമുക്കു പാഠം
Mail This Article
‘തീയില്ലാതെ പുകയില്ല’– പ്രശസ്തമായ പഴമൊഴിയാണിത്. കേരളത്തില്‍ ഇന്നോളം ഉയർന്ന പുകയിൽ ഏറ്റവും മാരകം ബ്രഹ്മപുരത്തെ വിഷപ്പുകയാണെന്ന് ആരും സമ്മതിക്കും. ബ്രഹ്മപുരം പുകയ്ക്കു പിന്നിലെ തീ നമ്മുടെ നെഞ്ചിലാണ്. ആ തീയിലുണ്ട് പല ചോദ്യങ്ങൾ. ഇന്ന് ബ്രഹ്മപുരമെങ്കിൽ നാളെ എവിടെ? ഇന്നാട്ടില്‍ ജീവിക്കുന്ന നമ്മുടെ ശ്വാസകോശം വിഷംനിറഞ്ഞ സ്പോഞ്ചു പോലെയായിട്ടുണ്ടാകുമോ? വാസ്തവമാണ്. ബ്രഹ്മപുരത്തിനു മുന്‍പും പിൻപും കേരളത്തിന്റെ ചിന്ത രണ്ടു തരമാണ്. കുടിക്കുന്ന വെള്ളത്തെയും ശ്വസിക്കുന്ന വായുവിനെയും നാം ഭയന്നു തുടങ്ങി. സ്വന്തം ശ്വാസകോശത്തെ പോലും ഭയന്നു തുടങ്ങി. എന്തെങ്കിലും കത്തുമ്പോൾ ‘എന്താ പുക’ എന്നു പറഞ്ഞിരുന്നവർ പ്രാണൻകൊണ്ടു പായുന്നു. എല്ലാവരുടെയും മനസ്സിലെ ചോദ്യം ഇതാണ്. ബ്രഹ്മപുരം നമ്മളെ എന്തു പഠിപ്പിച്ചു– വ്യക്തിയെയും സമൂഹത്തെയും? ബ്രഹ്മപുരം അനാസ്ഥയുടെ അപകടമാകാം. എങ്കിലും ഇവിടെനിന്ന് ഏറെ പഠിക്കാനുണ്ട്. അതിലേറെ തിരുത്താനുണ്ട്. നമുക്കും നാടിനും. പല കോണിൽ നിന്നുയരുന്ന ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉത്തരം നൽകുകയാണ് ആരോഗ്യ വകുപ്പ് ബ്രഹ്മപുരത്തേക്ക് നിയോഗിച്ച നോഡൽ ഓഫിസർ ഡോ. പി.എസ്. ഷാജഹാൻ. അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ മുൻ സെക്രട്ടറിയും ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളജ് പൾമനറി മെഡിസിൻ അഡിഷണൽ പ്രഫസറുമായ ഡോ.പി.എസ് ഷാജഹാൻ പ്രമുഖ ശ്വാസകോശ ചികിത്സാ വിദഗ്ധനാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...