നിശ്ശബ്ദതയുടെ സന്ദേശം
Mail This Article
ചുറ്റുമുള്ള ശബ്ദകോലാഹലം അലോസരപ്പെടുത്തുമ്പോൾ തെല്ലു നിശ്ശബ്ദത നമുക്ക് ആശ്വാസമേകും. നഗരങ്ങളിലെ ഒടുങ്ങാത്ത ശബ്ദപ്രളയത്തിൽ നിത്യവും വിഷമിക്കുന്നവർ, ശാന്തമായ അവധിക്കാലകേന്ദ്രങ്ങളിലെത്തുമ്പോൾ അനുഭവിക്കുന്ന മനഃസുഖം അനന്യമെന്ന് നമുക്കറിയാം. നിശ്ശബ്ദതയെന്നത് ശൂന്യതയല്ല. അതിൽ പലതും അടങ്ങിയിരിക്കുന്നു, അതിനു പ്രയോജനങ്ങളേറെ. പക്ഷേ നമുക്കു പൊതുവേ ക്ഷമയില്ല. ഒരാൾ അഭിപ്രായം പറഞ്ഞാൽ, അതു ക്ഷമയോടെ കേട്ട് അതെപ്പറ്റി ചിന്തിക്കുന്നതിനെക്കാൾ തിടുക്കം, മറുവാക്കു പറഞ്ഞ് മേനി നടിക്കാനാണ്. ഒന്നും എനിക്കു പുതിയതല്ല, അതിലും വലുത് എനിക്കറിയാമെന്നു ബോധ്യപ്പെടുത്താനുള്ള ആവേശം. ശ്രദ്ധയോടെ കേട്ട് ചിന്തിക്കുന്നയാൾക്ക് പുതിയ ആശയങ്ങൾ കൈവരുന്നു. കൈയിലുള്ള വിവരങ്ങൾ അന്യരിൽ അടിച്ചേൽപിക്കാൻ അനിയന്ത്രിതമായ ത്വരയുള്ളവർ പുതുതായി ഒന്നും പഠിക്കുന്നില്ല. പുതിയ അറിവുകളുടെ ഗുണം അവർക്കു കിട്ടുന്നുമില്ല. പറയുന്നതു കൂടുമ്പോൾ കേൾക്കുന്നതു കുറയും.