ജീവിതം ബാലൻസ് ചെയ്യാനും ശീലിക്കണം
Mail This Article
ജീവിതം ഞാണിന്മേൽക്കളിയാണെന്നു പറയാറുണ്ട്. വലിച്ചുകെട്ടിയ കമ്പിയിലൂടെ നടന്നു നീങ്ങുന്നയാൾക്ക് തുണയായി കയ്യിലെ നീണ്ട കമ്പു മാത്രം. വെറുതേ നടക്കുകയല്ല, അയാളുടെ തോളിലൊരു കസേരയും കാണും. പോരാ, കസേരയിൽ ഒരു പെൺകുട്ടിയും. അവളുടെ കയ്യിൽ ഉയർത്തിനിർത്തിയ നീണ്ട കമ്പിനു മുകളിൽ ബാലൻസ് ചെയ്തു കറങ്ങുന്ന തളികയും. ഇതിൽക്കൂടുതൽ എന്തു വേണം? എല്ലാം ശരിയായി ബാലൻസ് ചെയ്തു നിർത്തിയിട്ട്, കളിക്കാരൻ ശ്വാസം പിടിച്ച്, മെല്ലെ മെല്ലെ ഒറ്റക്കമ്പിയിലൂടെ നടന്നു നീങ്ങും. കയ്യിലെ നീണ്ട കമ്പ് അയാളുടെ തുലനാവസ്ഥ നിലനിർത്താൻ സാവധാനം ആടിക്കൊണ്ടിരിക്കും. കാണികളും ശ്വാസം പിടിച്ചിരുന്നാവും ഇതു കാണുക; അയാളുടെ ബാലൻസ് തെറ്റരുതേ എന്ന പ്രാർഥനയോടെ. ഇത് സർക്കസിലെ കാഴ്ച. ഇതിലും പ്രയാസപ്പെട്ടാവും പല സാധാരണക്കാരും ജീവിതം ബാലൻസു ചെയ്തു നീങ്ങുന്നത്. ചിലപ്പോൾ ബാലൻസ് തെറ്റി വീഴാനും മതി. വീഴാതെ താങ്ങിപ്പിടിക്കാൻ ആരെങ്കിലും മുന്നോട്ടു വന്നെന്നും വരാം.