മരണക്കെണിയൊരുക്കി റഷ്യ, ആശങ്കയുടെ ആണവ ‘കൂൺമേഘം’; ഹൈടെക് പോരാട്ടത്തിൽ ആത്മവീര്യം തകർന്ന് യുക്രെയ്ൻ
Mail This Article
ലോകം വളരെ ആകാംക്ഷയോടെ കാത്തിരുന്ന യുക്രെയ്ൻ പ്രത്യാക്രമണത്തിനു (കൗണ്ടർ ഒഫൻസീവ്) താളം തെറ്റുന്നു. 2023 ജൂൺ ആദ്യവാരം കഖോവ്ക ഡാമിന്റെ തകർച്ചയ്ക്കു പിന്നാലെ നനഞ്ഞ പടക്കം പോലെയാണ് പ്രത്യാക്രമണത്തിന് തുടക്കമായത്. കഴിഞ്ഞ വർഷം ഖാർകീവും ഖേഴ്സോണുമുൾപ്പെടെ ഒട്ടേറെ വൻ നഗരങ്ങളും പ്രവിശ്യകളും മിന്നൽ വേഗത്തിൽ തിരിച്ചു പിടിച്ച യുക്രെയ്ന് രണ്ടര മാസം പിന്നിട്ടിട്ടും യുദ്ധഭൂമിയിൽ ഇതുവരെ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല. പുകൾപ്പെറ്റതെന്നു വീരവാദം മുഴക്കി കൊണ്ടുവന്ന വിദേശ ടാങ്കുകളും കവചിത വാഹനങ്ങളുമാകട്ടെ റഷ്യൻ മൈനുകൾക്കും ക്വാമിക്കോസി ഡ്രോണുകൾക്കും ഇരയാകുന്ന കാഴ്ചകൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ‘കൗണ്ടർ ഒഫൻസീവ്’ പ്രതീക്ഷിച്ചതിലും സാവധാനമാണെന്നു സമ്മതിച്ച യുക്രെയ്ൻ, യുദ്ധഭൂമിയിൽ ശ്രദ്ധിക്കപ്പെടുന്ന നേട്ടത്തിനായി കഠിനശ്രമത്തിലാണ്. മൂന്നു മുതൽ അഞ്ചു നിരകളായി ഒരുക്കിയിട്ടുള്ള റഷ്യൻ പ്രതിരോധക്കോട്ടയുടെ ആദ്യനിരയിൽ പോലും ഇനിയുമെത്താൻ സാധിക്കാത്ത യുക്രെയ്ൻ, ഓരോ ദിവസവും കനത്ത ആൾനാശവും ആയുധനാശവുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.