മൂലധനവ്യാധിയിൽ മുങ്ങി
Mail This Article
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും അവരുടെ കമ്പനിയും കരിമണൽ വ്യവസായിയിൽനിന്ന് അനർഹമായി പണം കൈപ്പറ്റിയെന്ന വാർത്ത വലിയ ചലനം ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നത്. പിണറായി സർക്കാരിന്റെ പ്രവർത്തനത്തിലെ വീഴ്ചകൾ നികത്തി ലോക്സഭാ തിരഞ്ഞെടുപ്പിനു സജ്ജമാകുക എന്നതായിരുന്നു ഈ യോഗങ്ങളുടെ മുഖ്യ അജൻഡ. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എല്ലാവരും ആ വിഷയത്തിൽ ഒതുങ്ങി സംസാരിച്ചു. സെക്രട്ടേറിയറ്റിലോ സംസ്ഥാന കമ്മിറ്റിയിലോ ആരും പാർട്ടിയെയും സർക്കാരിനെയും ഗ്രസിക്കുന്ന വിവാദം പരാമർശിച്ചതേയില്ല. രണ്ടു യോഗങ്ങളിലും ആദ്യന്തം പങ്കെടുത്ത മുഖ്യമന്ത്രിയോ സംസ്ഥാന സെക്രട്ടറിയോ വാർത്ത സംബന്ധിച്ചു വിശദീകരണത്തിനും മുതിർന്നില്ല. മുഖ്യമന്ത്രിക്കും പാർട്ടിക്കും ഹിതകരമല്ലാത്ത വാർത്ത പാർട്ടിയിൽ ഒരു ചെറുചലനം പോലും സൃഷ്ടിക്കാത്തതിന്റെ തെളിവായി ഈ മൗനത്തെ വ്യാഖ്യാനിച്ചു മേനി നടിക്കുന്നവരാണ് നേതൃത്വത്തിൽ കൂടുതലും. എന്നാൽ, അത് മാറിയ സിപിഎമ്മിന്റെ ശക്തിയോ ദൗർബല്യമോ?