ഒടുവിൽ ബിജെപി തിരിച്ചറിഞ്ഞു, തമിഴ്‌നാട്ടിൽ ആ നീക്കം പാളി; ഇനി 'അണ്ണാമലൈ മോഡൽ'?
Mail This Article
‘‘വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39 സീറ്റും എൻഡിഎ നേടും. ഇതിൽ 25 എണ്ണം ബിജെപി ജയിക്കും’’. ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ നടത്തിയ ഈ പ്രസ്താവന ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പുച്ഛിച്ചു തള്ളിയെങ്കിലും പറഞ്ഞതിന്റെ അഞ്ചിലൊന്ന് സീറ്റെങ്കിലും എൻഡിഎ തമിഴ്നാട്ടിൽനിന്നു നേടിയാൽ അത് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലും കാലങ്ങളായി തമിഴ്നാട്ടിൽ പിന്തുടർന്നുവരുന്ന പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ തേർവാഴ്ചയ്ക്കും ഭീഷണിയാകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു നല്ല ബോധ്യമുണ്ട്. തൊട്ടുപിന്നാലെ സനാതന ധർമത്തിനെതിരെ കടുത്ത വിമർശനവുമായി സ്റ്റാലിന്റെ മകനും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ രംഗത്തു വന്നു. സനാതനധർമം സാമൂഹിക നീതിക്ക് എതിരാണെന്നും ഡെങ്കിപ്പനിയും മലമ്പനിയും പോലെ ഉന്മൂലനം ചെയ്യേണ്ടതാണെന്നും തുറന്നടിച്ച ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി രൂക്ഷ വിമർശനം ഉയർത്തിക്കഴിഞ്ഞു. നേതാക്കൾ ഇത്തരം പ്രസ്താവനകളിൽനിന്നു വിട്ടു നിൽക്കണമെന്ന് ഡിഎംകെ കൂടി ഉൾപ്പെട്ട പ്രതിപക്ഷ സഖ്യ മുന്നണിയായ ‘ഇന്ത്യ’ നിലപാടും എടുത്തു. ഇതോടെ തമിഴ്നാട് രാഷ്്ട്രീയം ആരോപണ പ്രത്യാരോപണങ്ങളാൽ തിളച്ചു മറിയുകയാണ്.