മോദി മുന്നോട്ടുവച്ച ഗ്ലോബൽ സൗത്ത്; ‘ഇന്ത്യൻ ഇടനാഴി’യിലൂടെ അടി ചൈനയ്ക്ക്; വെറുതെയല്ല ഈ ജി20
Mail This Article
രാഷ്ട്രത്തലവന്മാരുടെ രണ്ടു ദിവസത്തെ കൂട്ടായ്മ എന്നതിലപ്പുറം എന്താണ് ജി20 സമ്മേളനംകൊണ്ട് ഇന്ത്യയ്ക്ക് നേട്ടമെന്നത് അടുത്തകാലത്തായി ഉയർന്നു കേൾക്കുന്ന ചോദ്യമാണ്. രാഷ്ട്രീയമായി തീരുമാനങ്ങളെടുക്കാനുള്ള അധികാരമൊന്നുമില്ലാത്ത ജി20ക്ക് ഇത്ര പ്രത്യേകതയെന്ത് എന്ന ചോദ്യം എല്ലാക്കാലവും ഉയരാറുമുണ്ട്. മനുഷ്യകുലത്തിന്റെ സാമ്പത്തിക പുരോഗതിക്കുവേണ്ടി ആഗോളതലത്തിൽ ചില ധാരണകളുണ്ടാക്കുക, സാധ്യമാകുന്നിടത്തോളം ഈ ധാരണകളുമായി മുന്നോട്ടുപോകാൻ ആശയസമന്വയമുണ്ടാക്കുക തുടങ്ങിയവയാണ് ജി20 ഉച്ചകോടിയിലൂടെ ഉദ്ദേശിക്കുന്നത്. അതിൽ ആഗോള രാഷ്ട്രീയ പ്രശ്നങ്ങളും അതുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും കടന്നുവരാറുമുണ്ട്. ഇന്ത്യയെ മധ്യപൂർവദേശം വഴി യൂറോപ്പിലേക്കു ബന്ധിപ്പിക്കുന്ന ചരക്കിടനാഴിയാണ് ഈ ജി20യിൽ ഇന്ത്യയ്ക്കും ഉപഭൂഖണ്ഡത്തിനുമുണ്ടായ വലിയ നേട്ടങ്ങളിലൊന്ന്. നിലവിൽ യുഎഇയിലും സൗദിയിലും റെയിൽ സർവീസിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവയെ പരസ്പരവും അതതു രാജ്യങ്ങളിലെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കാനും അതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് ഇന്ത്യയിലെ തുറമുഖങ്ങളിൽനിന്ന് സർവീസ് നടത്തുകയും ചെയ്യുകയാണ് ഉദ്ദേശിക്കുന്നത്.