ത്രിപുരയിൽ ഇവർ ഒന്നാമത്, മിസോറമിൽ പൂജ്യം! 148–ാം സ്ഥാനത്ത് ഇന്ത്യ; വിജയിച്ചത് മോദിയുടെ ‘ബിൽ പവർ’
Mail This Article
കടമ്പകൾ എല്ലാം കടന്ന് വനിതാ ബിൽ യാഥാർഥ്യമായി. എതിർപ്പുകൾ ഓരോന്നായി ഉയരുമ്പോഴും വനിതാ പ്രാതിനിധ്യത്തിന്റെ പ്രാധാന്യം തിരച്ചറിഞ്ഞ നിയമ നിർമാതാക്കൾ അതിനായുള്ള പരിശ്രമം ഉപേക്ഷിച്ചില്ല. ബില്ലിനായി അക്ഷീണം പ്രയത്നിച്ച നിയമ നിർമാതാക്കൾ നമുക്കുണ്ട്. അതേ സമയം ബിൽ പാസായാൽ വിഷം കഴിച്ചു മരിക്കുമെന്നു ഭീഷണി മുഴക്കിയവരുമുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ വിവിധ വിഭാഗങ്ങൾക്കു നിയമനിർമാണസഭകളിൽ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും വനിതകൾ എന്തുകൊണ്ടോ ഒഴിവാക്കപ്പെട്ടു. ഇന്ന് 193 ലോകരാഷ്ട്രങ്ങളുടെ പാർലമെന്ററി വനിതാപ്രതിനിധ്യ പട്ടികയിൽ ഇന്ത്യ 148–ാം സ്ഥാനത്താണ്. അതേ സമയം സംവരണം ഇല്ലെങ്കിലും വനിതകളുടെ പങ്കാളിത്തം ക്രമമായി ലോക്സഭകളിൽ ഉയർന്നുവെന്നതാണ് സത്യം. അതായത് ഒന്നാം ലോക്സഭയിൽ വെറും 4.42 % വനിതകൾ മാത്രമായിരുന്നു. 17 –ാം ലോക്സഭയിൽ വനിതകളുടെ പങ്കാളിത്തം 14.37 % ആയി ഉയർന്നു. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമല്ലേ. സംവരണം നൽകിയില്ലെങ്കിലും വനിതാ മുന്നേറ്റം തുടരുമായിരുന്നു. അതല്ലേ യഥാർഥ വനിതാ ശക്തി.