ആദ്യം ചൈന, ഇപ്പോൾ ഇന്ത്യ; എന്തുകൊണ്ടാണ് കാനഡയ്ക്ക് ഇത്ര വലിയ സംഘർഷം? എന്താണ് അമേരിക്കൻ മൗനത്തിനു പിന്നിൽ?
Mail This Article
വെയ് ഹു എന്ന 57–കാരനെ 2021 ജൂലൈയിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും സർക്കാരിന്റെയും വിമർശകൻ കൂടിയായിരുന്നു ചൈനീസ് വംശജനായ വെയ് ഹു. അതുകൊണ്ടു തന്നെ ചൈനയുടെ നോട്ടപ്പുള്ളിയുമായിരുന്നു അദ്ദേഹം. ആ മരണം പുനരന്വേഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് ഇപ്പോൾ. ഇന്ത്യയേക്കാൾ മുന്നേ ചൈനയുമായി ‘ഉടക്കിയ’ രാജ്യമാണ് കാനഡ. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റു രാജ്യങ്ങൾ ഇടപെടുന്നു എന്നും ചൈനയാണ് അതിൽ പ്രധാനി എന്നുമുള്ള വാദം കാനഡയിലുണ്ട്. അതുകൊണ്ടു തന്നെ തങ്ങളുടെ ഏറ്റവും പ്രഖ്യാപിത ‘ഭീഷണി’യായി കാനഡ കാണുന്നതും ചൈനയെയാണ്. അതിനിടെയാണ്, സെപ്റ്റംബർ 18ന് കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ വിവാദ പരാമർശത്തെത്തുടർന്ന് ഇന്ത്യ–കാനഡ ബന്ധം മോശമാകുന്നത്.