‘നെഹ്റുവിന്റെ മാതൃക നരേന്ദ്ര മോദിക്കും പിന്തുടരാം; ഏക വ്യക്തിനിയമത്തിനു പിന്നിൽ രഹസ്യ അജൻഡ?’
Mail This Article
സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുതന്നെ ഇന്ത്യയിൽ ഏക വ്യക്തിനിയമത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. അതിന്റെ പ്രതിഫലനം പിൽക്കാലത്ത് ഭരണഘടനാ നിർമാണ സഭയിലുമുണ്ടായി. എന്നാൽ അതിനോട് രാഷ്ട്രീയ പാർട്ടികളുടെയും പൊതു സമൂഹത്തിന്റെയും പ്രതികരണം അത്രയ്ക്കനുകൂലമായിരുന്നില്ല. ഇന്ത്യാ വിഭജനത്തിന്റെ മുറിവുകൾ വിവിധ സമൂഹങ്ങൾക്കിടയിലുണ്ടാക്കിയ അവിശ്വാസത്തിന്റെ നിഴൽ അന്തരീക്ഷത്തിനിന്നു മായാത്തതായിരിക്കാം അതിനുപിന്നിലെ പ്രധാന ഘടകം. അതുകൊണ്ടുതന്നെ സമവായത്തിന്റെ അന്തരീക്ഷം ഉരുത്തിരിയുന്ന ഒരു വിദൂര ഭാവിയുടെ പരിഗണനയിലേക്ക് ഈ വിഷയം സമർപ്പിക്കാനായിരുന്നു അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രമം. അങ്ങനെ ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ ഏക വ്യക്തിനിയമത്തെ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ കൂടുതൽ സജീവമായിരിക്കുകയാണ്. ഏക വ്യക്തിനിയമം (Uniform Civil Code) രാജ്യത്തു നടപ്പാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്തൊക്കെയായിരിക്കും ഈ നിയമത്തിന്റെ ഉള്ളടക്കമെന്ന് ഇപ്പോഴും വ്യക്തമല്ല. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.ആർ.അവസ്തി അധ്യക്ഷനായ ദേശീയ നിയമ കമ്മിഷൻ ആരംഭിച്ചിട്ടുണ്ട്.