വിപണിയിൽനിന്ന് 83,000 കോടി ‘അപ്രത്യക്ഷം’; ചൈനയിൽനിന്ന് ഇനി ‘സാമ്പത്തിക മഹാമാരി’; ഇന്ത്യയ്ക്ക് വൻ വളർച്ചാ അവസരം
Mail This Article
ചൈനയിൽനിന്ന് പരിഭ്രാന്തി ഉണർത്തുന്ന സാമ്പത്തിക വാർത്തകളോടെയായിരുന്നു 2023 സെപ്റ്റംബർ പിറന്നത്. ചൈനീസ് കറൻസി യുവാന്റെ യുഎസ് ഡോളറുമായുള്ള വിനിമയ നിരക്ക് 16 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. ഹോങ്കോങ് ഓഹരി സൂചിക ഹാങ് സെങ് 2023 ജനുവരിയിലെ ഉയർന്ന നിലവാരത്തിൽ നിന്ന് 20 ശതമാനം വീഴ്ചയോടെ കരടി വലയത്തിലേക്ക് പതിച്ചു. കഴിഞ്ഞ 16 വർഷത്തിനിടയിലെ താഴ്ന്ന നിലവാരത്തിലാണ് വിപണി. തകർച്ചകൾക്കിടയിലും യുവാന് യുഎസ് ഡോളറുമായി കൃത്രിമ മൂല്യ വർധന പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിസി). നാലു പതിറ്റാണ്ട് നീണ്ട സ്വപ്നക്കുതിപ്പിലൂടെ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈന നില തെറ്റി വീഴുകയാണ്. ഓരോ വീഴ്ചയിൽ നിന്നും സ്വപ്ന സമാനമായ തിരിച്ചുവരവ് നടത്തിയ ചരിത്രമുള്ള ചൈനീസ് വ്യാളി ഇക്കുറിയും കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ് എന്നാൽ പാശ്ചാത്യ മാധ്യമങ്ങൾ മിക്കവയും ചൈനയുടെ ചരമക്കുറിപ്പ് എഴുതിക്കഴിഞ്ഞു. കോവിഡ് മഹാമാരി നേരിടാൻ എടുത്ത കടുത്ത നടപടികളോടെ തെന്നിത്തുടങ്ങിയ സമ്പദ്‌വ്യവസ്ഥ സമാനതകളില്ലാത്ത പല പ്രതിസന്ധികളിലേക്ക് ഒന്നിനു പിന്നാലെ ഒന്നായി വീണുകൊണ്ടിരിക്കുന്നു.