'ഗൗഡ ഇല്ലാതെ എന്തു കേരള ഘടകം? രാജിവയ്ക്കാൻ എന്താണ് വൈമനസ്യം? ലയിച്ചാൽ കെ.പി. മോഹനൻ മന്ത്രി'
Mail This Article
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ രണ്ട് ഇതളുകളായ ജനതാദളും (എസ്) ലോക്താന്ത്രിക് ജനതാദളും (എൽജെഡി) വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സന്ദർഭമാണ് ഇത്. ജനതാദൾ(എസ്) ദേശീയ അധ്യക്ഷനായ എച്ച്.ഡി.ദേവെഗൗഡ ബിജെപി സഖ്യത്തിനു തയാറായതോടെ അവരുടെ കേരളഘടകം വൻ പ്രതിസന്ധി നേരിടുന്നു. മുൻപ് ദളിന്റെ (എസ്) ഭാഗമായിരുന്ന എൽജെഡി ഇപ്പോൾ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളുമായി (ആർജെഡി) ലയനത്തിന് ഒരുങ്ങുന്നു. രണ്ടു പാർട്ടികളുടെയും നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള മുതിർന്ന നേതാവ് ഡോ. വർഗീസ് ജോർജ് ഈ സന്നിഗ്ധ ഘട്ടത്തെ ‘ക്രോസ്ഫയറിൽ’ വിശകലനം ചെയ്തു സംസാരിക്കുകയാണ്. എൽജെഡിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ വർഗീസ് ജോർജ് കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുമുന്നണിക്കും ആദരണീയനായ നേതാവാണ്. ദേശീയ–സംസ്ഥാന രാഷ്ട്രീയചലനങ്ങളെ ആഴത്തിൽ വിശകലനം ചെയ്തുകൊണ്ട് ഉൾക്കാഴ്ചയോടെ നിലപാടുകൾ എടുക്കാൻ പ്രാപ്തനായ നേതാവ് എന്ന വിശേഷണവും അദ്ദേഹത്തിനു സ്വന്തം. അതുകൊണ്ടുതന്നെ ദളുകൾ പ്രതിസന്ധി നേരിടുമ്പോൾ ഡോ. വർഗീസ് ജോർജിന്റെ അഭിപ്രായം എപ്പോഴും കേരള രാഷ്ട്രീയം ശ്രദ്ധയോടെ വീക്ഷിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ഡോ. വർഗീസ് ജോർജ് സംസാരിക്കുന്നു.