പൊന്നുകൊണ്ട് നാവിലണിഞ്ഞു, ആറ്റുമണൽത്തരി കൊണ്ട് വിരലിലും; അക്ഷരനക്ഷത്രം നിറഞ്ഞ നവരാത്രിക്കാലം
Mail This Article
അഭിമാനത്തിന്റെ ആനപ്പുറമേറി ഇവിടെ നിന്നായിരുന്നു എഴുന്നള്ളത്ത്! അക്ഷരം പുതിയതൊന്ന് ആശാൻ അനുവദിച്ചുതന്ന ദിവസമായിരുന്നു അത്. പുതിയ അക്ഷരം കണ്ണിൽ പകർന്ന നക്ഷത്രശോഭ അമ്മയുടെ മുഖത്താണ് ആദ്യം പ്രതിഫലിച്ചുകണ്ടത്. മുടിയിഴകൾ തലോടി അമ്മ ഉള്ളിൽ നിലാവ് നിറച്ചു. ഇവിടെ ഇപ്പോൾ ഒരു ഇരുനിലമാളികയാണ്. മതിൽക്കെട്ടിനുള്ളിൽ ടൈൽ വിരിച്ച മുറ്റം. ആശാനും ആശാട്ടിയും എന്നേ ഇവിടം വിട്ടുപോയി; അല്ല വിറ്റുപോയി. മക്കളില്ലാതിരുന്ന ആ വൃദ്ധദമ്പതികളെ ആശാട്ടിയുടെ സഹോദരൻ വീടിനടുത്തൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെച്ചെന്നും പലതവണ കണ്ടിരുന്നല്ലോ, ഇരുവരുടെയും മരണം വരെ. ഇരുനില മാളിക ഇരുട്ടിലേക്കു മങ്ങി മുങ്ങുന്നു. അരപ്പൊക്കത്തോളം പച്ചനിറവും അതിനുമുകളിലേക്ക് കുമ്മായവെണ്മയുമായി ഓടുപാകിയൊരു കൊച്ചുവീട് അവിടെ തെളിയുന്നു. അടുക്കളവശത്തെ മുറ്റത്തു കിണർ, അപ്പുറത്തൊരു കൊച്ചു തൊഴുത്ത്, വടക്കേപ്പറമ്പിലേക്കിറങ്ങുന്നിടത്ത് തടിത്തൂണുകളിൽ ഓലമേഞ്ഞ മേൽക്കൂരയുമായി കുടിപ്പള്ളിക്കൂടം.