യുഎസിന്റെ ‘രഹസ്യ പ്രോജക്ട്’ പാളി; തീമഴ പെയ്യിക്കാൻ കിമ്മിന്റെ ആയുധങ്ങളും? യുക്രെയ്നിന്റെ കഥകഴിക്കുമോ ഇസ്രയേൽ–ഹമാസ് സംഘർഷം?
Mail This Article
യുക്രെയ്നിൽ ശിശിരകാലം അവസാനപകുതിയിലേക്കു കടക്കുകയാണ്. മരങ്ങളെല്ലാം ഇലകൾ പൊഴിച്ചു മഴയെയും മഞ്ഞുകാലത്തെയും നേരിടാനുള്ള ഒരുക്കത്തിലും. റഷ്യ - യുക്രെയ്ൻ യുദ്ധവും ഇത്തരമൊരു ഇലകൊഴിയലിലേക്കു നീങ്ങുകയാണ്. റഷ്യയ്ക്കെതിരെയുള്ള പ്രത്യാക്രമണം (സമ്മർ കൗണ്ടർ ഒഫൻസീവ്) അമ്പേ പരാജയപ്പെടുകയും അപ്രതീക്ഷിതമായി മധ്യപൂർവേഷ്യയിൽ ഇസ്രയേൽ – ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ യുദ്ധക്കളത്തിൽ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് യുക്രെയ്ൻ. ഏതാനും ദിവസങ്ങൾക്കുള്ളിൽ മഴയും പിന്നാലെ മഞ്ഞും വീഴുന്നതോടെ യുക്രെയ്നിന്റെ ഈ വർഷത്തെ കൗണ്ടർ ഒഫൻസീവിനും അന്ത്യമാകും. ഏറെ കൊട്ടിഘോഷിച്ച കൗണ്ടർ ഒഫൻസീവ് പരാജയപ്പെട്ടതോടെ യുക്രെയ്നിനുള്ള ആയുധ– സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ് യുഎസും യൂറോപ്പുമടക്കമുള്ള സഖ്യകക്ഷികൾ. കൂടാതെ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന സഖ്യരാജ്യങ്ങളിൽ യുദ്ധത്തിനെതിരെ അഭിപ്രായങ്ങളുയരുന്നതും യുക്രെയ്നിനെ സഹായിക്കുന്നതിന്റെ ഫലമായി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും പല യൂറോപ്യൻ രാജ്യങ്ങളെയും പിന്നോട്ടുവലിക്കാൻ തുടങ്ങി. ഒളിഞ്ഞും തെളിഞ്ഞും യൂറോപ്പിലും യുഎസിലും ഉയരുന്ന പ്രസ്താവനകളും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയുടെ സ്ഥാനചലനവും യുക്രെയ്നിനു സമ്മാനിക്കുന്നത് ആശങ്കയുടെ നാളുകളാണ്.