വിലങ്ങ് വരുന്നെന്ന് ബിജെപി, പിന്നാലെ കേജ‍്‍രിവാളിനെ തേടി ഇഡി: ഇത് പ്രതിപക്ഷ ‘ഇന്ത്യ’യ്ക്കും മുന്നറിയിപ്പ്?
Mail This Article
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിനെ വൈകാതെ കൈവിലങ്ങുകൾ തേടിയെത്തുമെന്നാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ഈയിടെ മുന്നറിയിപ്പു നൽകിയത്. ആം ആദ്മി പാർട്ടിയുടെ (എഎപി) ദേശീയ കൺവീനർ കൂടിയായ കേജ‍്‍രിവാളിനെ ജയിലിൽ അടയ്ക്കുമെന്നാണ് വരികൾക്കിടയിലെ ഭീഷണി. അതിനു പിന്നാലെ കേജ്‍രിവാളിന് ഇഡിയുടെ നോട്ടിലെത്തി. മദ്യനയക്കേസിൽ ചോദ്യം ചെയ്യുന്നതിനു വേണ്ടി ഹാജരാകണം എന്നായിരുന്നു അത്. നവംബർ 2ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കേജ്‌രിവാൾ തയാറായില്ല. അപ്പോഴും അണികൾക്കിടയിൽ ആശങ്ക ബാക്കി– കേജ്‌രിവാളും അറസ്റ്റിലാകുമോ? ‘ഇടതു കയ്യും വലതു കയ്യും’ നഷ്ടപ്പെട്ട സ്ഥിതിയിലാണ് കേജ‍്‍രിവാൾ എന്നാണ് മറ്റൊരു ബിജെപി നേതാവ് പരിഹസിച്ചത്. എഎപി നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിങ് എംപി എന്നിവരുടെ അറസ്റ്റ് സൂചിപ്പിച്ചായിരുന്നു ബിജെപി നേതാവിന്റെ പരിഹാസം. സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ, സഞ്ജയ് സിങ്... കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റു ചെയ്ത എഎപി നേതാക്കളുടെ എണ്ണം വർധിക്കുകയാണ്. അറസ്റ്റിലായ ഇവരെല്ലാം കേജ‍്‍രിവാളിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരുമാണ്.