കാപ്പിയുടെ രുചിശാസ്ത്രം
Mail This Article
ഒരാഴ്ചയായി ഒരു കോൺഫറൻസിനായി തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിലാണ്. ഇവിടെയെത്തിയ ശേഷമാണ് ലോകത്തിലെ ഏറ്റവും മികച്ചതും രുചിയുള്ളതുമായ കാപ്പി ലഭിക്കുന്ന രാജ്യം ഇതാണെന്നറിഞ്ഞത്. പതിനേഴാം നൂറ്റാണ്ടിൽ സ്പാനിഷ് നാവികരാണ് കൊളംബിയയിൽ കാപ്പിക്കൃഷി തുടങ്ങിയത്. ബ്രസീലും വിയറ്റ്നാമും കഴിഞ്ഞാൽ ലോകത്തിൽ കാപ്പി ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് കൊളംബിയ. കാപ്പിയുടെ രുചിരഹസ്യം റോസ്റ്റിങ് മൂലം മാറുന്ന രസതന്ത്രത്തിലാണുള്ളത്. വിപണിയിലുള്ള പല കാപ്പികൾക്കും പല രുചിയാകാനുള്ള കാരണവും വേറെയല്ല. കാപ്പിക്കു രുചി നൽകുന്ന അടിസ്ഥാന രാസപദാർഥമാണ് ക്ലോറോജെനിക് ആസിഡ്. ഇതിനു ക്ലോറിനുമായി ബന്ധമൊന്നുമില്ല. കാപ്പി റോസ്റ്റ് ചെയ്യുമ്പോൾ (കാപ്പിക്കുരു വറുക്കുമ്പോൾ) ക്ലോറോജെനിക് ആസിഡിന്റെ എസ്റ്റർ രൂപമായ ലാക്ടോണുകളുണ്ടാകും. ഒരു ആസിഡും ആൽക്കഹോളും തമ്മിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന രാസവസ്തുക്കളാണ് എസ്റ്ററുകൾ.