രാത്രി നിശ്ശബ്ദം വരും, ഉന്നം തെറ്റിയാൽ കുത്തേറ്റ് മരണം; മനസ്സുമാറ്റിയത് നെഞ്ചുപൊട്ടിയ ആ കരച്ചിൽ
Mail This Article
പിതാവിന്റെ മരണത്തോടെ തോക്ക് ഉപേക്ഷിച്ച ഒരു മകൻ കർഷകരുടെ കണ്ണീരിനു മുൻപിൽ ആ നിലപാട് തിരുത്തി 15 വർഷത്തിനു ശേഷം തോക്കെടുത്തു. 5 മാസത്തിനുള്ളിൽ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി 60 കാട്ടുപന്നികളെ വെടിവച്ചു വീഴ്ത്തി. വെടിയേറ്റ ശേഷം ഓടിയകന്നവ അതിലേറെ. പലപ്പോഴും മുറിവേറ്റ കാട്ടുപന്നിയുടെ മുന്നിൽ നിന്ന് രക്ഷപ്പെടാനായതും ആയുസ്സിന്റെ ബലംകൊണ്ടു മാത്രം. പക്ഷേ, സർക്കാർ ലൈസൻസോടു കൂടി കാട്ടുപന്നിയെ വെടിവയ്ക്കുന്ന ഔദ്യോഗിക ഷൂട്ടർ ആയ മാവേലിക്കര ഗോമഠത്ത് ദിലീപ് കോശി വെല്ലുവിളികളെ എല്ലാം അതിജീവിച്ചുകൊണ്ട് പ്രയാണം തുടരുകയാണ്. കാടിറങ്ങുന്ന പന്നികളും പന്നികളെ പിടികൂടാനുള്ള കെണിയിൽ മനുഷ്യന്‍ കുടുങ്ങുന്നതും മരണം സംഭവിക്കുന്നതുമെല്ലാം തുടർസംഭവങ്ങളായിരിക്കെ ദിലീപിന്റെ ജീവിതം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇനിയൊരിക്കലും തോക്കെടുക്കില്ല എന്ന് ഉറപ്പിച്ചിരുന്ന ദിലീപിന്റെ മനസ്സു മാറ്റിയ ഒരു കാഴ്ചയുണ്ട്. അഞ്ച് ഏക്കറോളം വരുന്ന കൃഷി ഒന്നാകെ നശിച്ചതു കണ്ട് നെഞ്ചുപൊട്ടിക്കരഞ്ഞ ഒരു കർഷകന്റെ വിലാപമായിരുന്നു അത്. നാടിന്റെ ആത്മാവ് കർഷകരാണെന്ന് കരുതുന്ന ദിലീപിന് പിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല. പ്രതിഫലമോ സമയമോ നോക്കാതെ കാട്ടുപന്നികളെ തുരത്താൻ ദിലീപ് ഓടിയെത്തുന്നതിന്റെ കാരണവും അതുതന്നെ. പക്ഷേ, ഇങ്ങനെ വെടിവച്ചിട്ടാൽ മാത്രം തീരുന്നതാണോ വന്യമൃഗങ്ങൾ നാടിറങ്ങുന്ന പ്രതിസന്ധി? എന്തുകൊണ്ടാണ് മനുഷ്യന്‍ പ്രതിരോധങ്ങൾ സൃഷ്ടിച്ചും വന്യമൃഗങ്ങൾ കാടിറങ്ങുന്നതു തുടരുന്നത്? നാളെ വനമേഖലകൾ തീരെയില്ലാത്ത സ്ഥലങ്ങളിലേക്കും കാട്ടുപന്നികൾ എത്തുമോ? ഒൗദ്യോഗിക ഷൂട്ടർ എന്ന നിലയിലെ അനുഭവങ്ങളും നിരീക്ഷണങ്ങളും മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് ദിലീപ് കോശി.