ജൊവാന്റെ കമ്പിളിപ്പുതപ്പ്
Mail This Article
2015 ഒക്ടോബറിലാണ് ഞാൻ ആദ്യമായി ജൊവാനെ കണ്ടുമുട്ടിയത്; നേപ്പാളിൽവച്ച്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ജൂതവനിതയായിരുന്നു ജൊവാൻ. നേപ്പാളിലെ 6 ഗ്രാമങ്ങളിൽ ഭൂകമ്പബാധിതരുടെ പുനരധിവാസപ്രവർത്തനങ്ങൾ നടക്കുന്ന കാലം. ജൊവാൻ ജോലി ചെയ്യുന്ന ജൂതസംഘടനയുടെ ധനസഹായത്തോടെയുള്ള പുനരധിവാസപദ്ധതിയുടെ പുരോഗതി വിലയിരുത്താനാണ് ജൊവാനും ഞാനും നേപ്പാളിൽ എത്തിയത്. രണ്ടാം ലോകയുദ്ധത്തിൽ പലായനം ചെയ്യേണ്ടി വന്ന പോളിഷ് അഭയാർഥിയായിരുന്നു ജൊവാന്റെ പിതാവ്. പല രാജ്യങ്ങളിലൂടെ അലഞ്ഞ് ഒടുവിൽ ന്യൂയോർക്ക് സിറ്റിയിൽ അഭയം തേടിയ കുടുംബം ചെറുജോലികൾ ചെയ്താണു ജൊവാനെ വളർത്തിയത്. അന്ന് ഉച്ചയ്ക്ക് ഞങ്ങൾ ഉൾനാടൻ നേപ്പാളിലെ ഷെർപ്പകളുടെ ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോഴാണ്, അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഭൂകമ്പമുണ്ടായതായി അറിഞ്ഞത്. അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലും കാരക്കോറം മലനിരകൾക്കടുത്തുള്ള ചിത്രാൽ, സ്വാത് തുടങ്ങിയ ആദിവാസിഗ്രാമങ്ങളിലുമായി അഞ്ഞൂറോളം പേർ മരിച്ചു. ഹിന്ദുകുഷ് - വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാൻ പ്രവിശ്യകളിലെ ദരിദ്രരും നിരക്ഷരരുമായ ആദിമ മുസ്‌ലിംകളാണേറെയും. ആടു മേയ്ച്ചും കൃഷി ചെയ്തും ജീവിച്ചിരുന്ന സാധുക്കൾക്ക് ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ടു. നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ്, പാക്കിസ്ഥാനിലെ തൊഴിലാളിനേതാക്കളായ സുബൈറും സൈറയും വിളിച്ചത്. കമ്പിളിയും വസ്ത്രവും ആഹാരവും ഇല്ലാതെ ചെങ്കുത്തായ മലയിടുക്കുകളിൽ കഴിയുന്ന പാവങ്ങളെ രക്ഷിക്കാൻ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.