മനുഷ്യജീവിതം തുലച്ചുകളയാനുള്ളതോ?
Mail This Article
അടുത്ത കാലത്തു വന്ന ചില വാർത്തകൾ നമുക്ക് ഓർമിച്ചുനോക്കാം; തഞ്ചാവൂരിൽ ഹോസ്റ്റല്‍ മുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് കീടനാശിനി കഴിച്ച് വിദ്യാർത്ഥിനി മരിച്ചു, രാജസ്ഥാനിലെ കോട്ടയിൽ ഐഐടി–ജെഇഇ പ്രവേശനത്തിനായി പരിശീലനം നടത്തുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു, പൊട്ടുതൊട്ട് സ്കൂളിൽ എത്തിയതിനു അധ്യാപകൻ മർദിച്ചതിനെ തുടർന്ന് പെൺകുട്ടി ധൻബാദിൽ ആത്മഹത്യ ചെയ്തു, മോഡലിങ് ഫോട്ടോഷൂട്ടിനു പോകുന്നത് സുഹൃത്ത് വിലക്കിയതിലുള്ള മനോവിഷമത്തെ തുടർന്നു പെൺകുട്ടി (17) മംഗളൂരിൽ തൂങ്ങി മരിച്ചു, നീറ്റ് പരീക്ഷയിൽ ആറു മാർക്ക് മാത്രം കിട്ടിയ വിഷമത്തിൽ പെൺകുട്ടി വീട്ടിൽ തൂങ്ങി മരിച്ചു. വീണ്ടും പരിശോധിച്ചപ്പോൾ 590 മാർക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. സംഭവം മധ്യപ്രദേശിലെ ചിന്ദ്‌വാരയിൽ. സുഹൃത്തുക്കളില്ലാത്തതുകൊണ്ടും പരീക്ഷയിൽ മാർക്കു കുറയുന്നതുകൊണ്ടും മനംമടുത്ത് 16കാരി തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തു, പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിലെത്തി യുവാവ് പെട്രോൾ ഒഴിച്ചു കത്തിച്ചു. സംഭവം ചെന്നൈയിൽ. പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് നിർദാക്ഷിണ്യം പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ സംഭവം തിരുവല്ലയിലുമുണ്ടായി. അതിദാരുണമായ ഇത്തരം വാർത്തകൾ ആവർത്തിച്ചു വായിച്ച്, ഇവയൊന്നും വാർത്തയല്ലാത്ത നിലയിൽ നാം എത്തിയിരിക്കുന്നു. പാവനമായ മനുഷ്യജീവിതം നിസ്സാരകാരണങ്ങൾ പറഞ്ഞു നശിപ്പിച്ചുകളയാനുള്ളതാണോ?