‘ബ്ലഡ് ഈഗിൾ’ ആചാരമാണ് ആ ശിക്ഷാരീതിക്ക് പ്രചോദനം; എന്റെ യാത്രയാണ് ‘കാന്തമലചരിതം’
Mail This Article
ആദ്യ പുസ്തകം കൊണ്ടുതന്നെ മലയാളത്തിലെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരനാണ് വിഷ്ണു എം.സി. പുരാതന ഈജിപ്തും പഴയകാല തമിഴ്‌നാടും ശബരിമലയും പശ്ചാത്തലമാക്കി വിഷ്ണു എഴുതിയ നോവൽ ത്രയം, ചരിത്രവും മിത്തും കൽപ്പിത കഥകളും സയൻസ് ഫിക്ഷനും ആക്ഷൻ ത്രില്ലറുമെല്ലാം സമന്വയിപ്പിച്ചതാണ്. അതിലെ ആദ്യ പുസ്തകം, 2020ല്‍ പുറത്തുവന്ന ‘കാന്തമലചരിതം ഒന്നാം അധ്യായം – അഖിനാതന്റെ നിധി’ വിഷ്ണുവിനെ മലയാളത്തിലെ അറിയപ്പെടുന്ന യുവ എഴുത്തുകാരിലൊരാളാക്കി. ചുരുങ്ങിയ സമയംകൊണ്ടാണ് ആ പുസ്തകം വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാക്കി വിഷ്ണുവിനെ മാറ്റിയത്. വൈകാതെ പുസ്തകത്തിന്റെ രണ്ടാം ഭാഗവുമെത്തി. 2021ൽ പുറത്തിറങ്ങിയ കാന്തമലചരിതത്തിന്റെ രണ്ടാം അധ്യായം, ‘അറോലകാടിന്റെ രഹസ്യ’വും വായനക്കാരെ നിരാശപ്പെടുത്തിയില്ല. മികച്ച രീതിയിൽത്തന്നെ ആ പുസ്തകവും സ്വീകരിക്കപ്പെട്ടു. ഉദ്വേഗജനകമായ രചനാശൈലിയും വായനക്ഷമതയും വായനക്കാര്‍ക്ക് വലിയ പ്രതീക്ഷയാണു നല്‍കിയത്. കഥയുടെ അവസാനത്തിനായി കാത്തിരുന്നവർക്കായി മൂന്നാമത്തെതും അവസാനത്തെതുമായ പുസ്തകം ‘കാന്തമലചരിതം മൂന്നാം അധ്യായം - യുദ്ധകാണ്ഡം’ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു. എന്താണ് പുതിയ പുസ്തകത്തിൽ വായനക്കാർക്കായി വിഷ്ണു ഒരുക്കിയിരിക്കുന്നത്?