166: രാജസ്ഥാനെ ഭയപ്പെടുത്തുന്ന മാന്ത്രിക സംഖ്യ; യഥാർഥ പോര് 2 പേർ തമ്മിൽ; പ്രിയങ്ക പറഞ്ഞതും നടക്കുമോ?
Mail This Article
സാധാരണക്കാരന്റെ സാമ്പത്തികശാസ്ത്രമനുസരിച്ച് മാസത്തിൽ രണ്ട് ‘ഗൂഗിൾ പേ വാരാഘോഷ’ങ്ങളുണ്ട്. ശമ്പളം കിട്ടുന്ന ഒന്നാം തീയതി തുടങ്ങുന്നതാണ് ആദ്യത്തേത്. തലേ മാസം വാങ്ങിയ കടമെല്ലാം ഈ ഒരാഴ്ചകൊണ്ട് ഗൂഗിൾ പേ വഴി തിരിച്ചു കൊടുക്കുന്നു. 20ന് ശേഷം ഏത് ദിവസവും തുടങ്ങാവുന്നതാണ് രണ്ടാമത്തേത്. പറ്റാവുന്നിടത്തുനിന്നെല്ലാം കടം ഇങ്ങോട്ടു വാങ്ങുന്നു. ഏതാണ്ടിതു തന്നെയാണ് രാജസ്ഥാൻ രാഷ്ട്രീയത്തിലെ സ്ഥിതിയും. എതിർ പാർട്ടിക്കാരുടേതുൾപ്പെടെ നാട്ടുകാരുടെ മുഴുവൻ വോട്ടു വാങ്ങി ഒരു പാർട്ടി ഭരണത്തിലേറുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ആ വോട്ടു മുഴുവൻ തിരിച്ചു കൊടുത്ത് ഭരണം വിടുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ കണക്കെടുത്താൽ ഭരണത്തിൽ ഒരു പാർട്ടിക്കും രാജസ്ഥാൻ തുടർച്ചയായ രണ്ടാം ഇന്നിങ്സ് സമ്മാനിച്ചിട്ടില്ല. ആകെയുള്ള 200ൽ 166 നിയോജക മണ്ഡലങ്ങളിലെയും മത്സരഫലം പ്രവചനാതീതമാണെന്നതാണ് ഇതിനു പ്രധാന കാരണം. 2008 മുതലുള്ള മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകൾ നോക്കിയാൽ ബിജെപി തുടർച്ചയായി വിജയം കൊയ്തത് 28 സീറ്റുകളിലാണ്. ഇതേ സ്ഥാനത്ത് കോൺഗ്രസിന്റെ സംഖ്യ 5. ഒരിടത്ത് സ്വതന്ത്രനും. ബാക്കി വരുന്ന 166 സീറ്റുകളുടെ സ്ഥിതി പ്രവചനാതീതം. എങ്ങോട്ടും വീഴാം. പൊതുവേ വീഴാറുള്ളത് ഭരണപ്പാർട്ടിക്ക് എതിരായിട്ടാണെന്നു മാത്രം. ‘ഇസ് ബാർ റിവാജ് ബദ്‌ലേഗാ, രാജ് നഹി’ (രാജസ്ഥാനിൽ ഇത്തവണ പരമ്പര്യം മാറും, ഭരണമല്ല) എന്നാണ് പ്രിയങ്കാ ഗാന്ധി ഒരു തിരഞ്ഞെടുപ്പു സമ്മേളനത്തിൽ പറഞ്ഞത്. അതു നടക്കുമോ ഇല്ലയോ എന്നുള്ളതാണ് ഇത്തവണത്തെയും പ്രധാന ചോദ്യം.