‘മോദിപ്രഭാവവും ഹിന്ദുത്വയും ഇനി രക്ഷിക്കില്ല’: ആ പ്രവചനം പാളി; ‘മധ്യേ’യിങ്ങനെ മഹാവിജയവുമായി ബിജെപി
Mail This Article
കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ള വിഭവമാണെങ്കിൽപ്പോലും ഹൃദയത്തിലൊരു ‘ബ്ലോക്കിനു’ കാരണമായാൽ നാം അതുപേക്ഷിക്കും. ഇന്ത്യയുടെ ഹൃദയമെന്നറിയപ്പെടുന്ന മധ്യപ്രദേശിലും ബിജെപി ചെയ്തത് അതാണ്. ഇന്ത്യയിലെ ബിജെപി മുഖ്യമന്ത്രിമാരിൽ നരേന്ദ്രമോദിയേക്കാളും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നിട്ടും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവ്‌രാജ് സിങ് ചൗഹാനെ പാർട്ടി ‘കൈവിട്ടു’. ഭരണത്തുടർച്ച പ്രതീക്ഷിച്ച് രണ്ടുംകൽപിച്ചുള്ള ഒരു നീക്കമായിരുന്നു അത്. മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന മുഖ്യമന്ത്രി കൂടിയായിരുന്നു ചൗഹാൻ. എന്നിട്ടും കൈവിട്ട കളിക്കു മുതിർന്ന ബിജെപിയുടെ തന്ത്രങ്ങളെല്ലാം പക്ഷേ, വെന്നിക്കൊടി പാറിച്ചു. മധ്യപ്രദേശിൽ കോൺഗ്രസിനേക്കാളും ഇരട്ടിയിലേറെ സീറ്റ് നേടി മഹാവിജയം. ഒപ്പം, കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വോട്ടു ശതമാനവും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമാണന്നു തിരിച്ചറിഞ്ഞ നിമിഷം ഹൃദയത്തിന് അടിയന്തര ‘സിപിആർ’ നൽകി വീണ്ടും അഞ്ചു വർഷത്തേക്കു ഭരണം നേടിയെടുക്കുകയായിരുന്നു ബിജെപി. 2003ൽ കോൺഗ്രസിൽനിന്നു തട്ടിയെടുത്ത വിജയം 20 വർഷത്തിനിപ്പുറവും ബിജെപിയുടെ കൈയിൽ ഭദ്രം (ഇടയ്ക്ക് 2018ൽ 15 മാസത്തേക്കു ഭരണം കയ്യിൽനിന്നു പോയത് മാറ്റി നിർത്തിയാൽ). എന്നാൽ ഇത്തവണ അട്ടിമറികൾക്കോ എംഎൽഎമാരെ ചാക്കിട്ടു പിടിക്കാനോ റിസോർട്ട് രാഷ്ട്രീയത്തിനോ ഒന്നും ബിജെപിക്കു മെനക്കെടേണ്ടി വന്നില്ല. ആകെയുള്ള 230 സീറ്റിൽ ഭൂരിപക്ഷത്തിനു വേണ്ടത് 116 സീറ്റ്. ഫലം വന്ന ഡിസംബർ 3 ഉച്ചയ്ക്ക് മൂന്നു വരെയുള്ള കണക്ക് പ്രകാരം, മധ്യപ്രദേശിൽ 162 സീറ്റും ബിജെപിക്ക് സ്വന്തം. എക്സിറ്റ് പോളുകൾ പ്രവചിച്ചതു പോലെത്തന്നെ സംഭവിച്ചു; കോൺഗ്രസിനേക്കാളും 96 സീറ്റ് അധികം നേടി അധികാരത്തിൽ. കോൺഗ്രസ് നേടിയത് 66 സീറ്റ് മാത്രം. 48 ശതമാനത്തിലേറെയാണ് ബിജെപി വോട്ടു ശതമാനം, കോൺഗ്രസ് 40 ശതമാനത്തിലും.