കെസിആറിനെ ‘രക്ഷിക്കാൻ’ ശ്രമിച്ച് കൈ പൊള്ളി; മോദിയുടെയും രാഹുലിന്റെയും വിമർശകൻ; ഉവൈസിയുടെ വിജയത്തിന് ഇത്തവണയും ‘ഏഴഴക്’
Mail This Article
കോട്ടകളുടെ നാടാണ് ഹൈദരാബാദ്. ഭരണാധികാരിയായിരുന്ന നൈസാമിന്റെ അജയ്യതയ്ക്കു കാരണമായതും, ആർക്കും ഭേദിക്കാൻ കഴിയാതിരുന്ന ഈ കോട്ടകളായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ നൈസാമിന് ഭരണം നഷ്ടപ്പെട്ടു. അതേസമയം നൈസാമിനെ പിന്തുണയ്ക്കുന്നവരുടെ പ്രസ്ഥാനമായ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തുഹാദുൽ മുസ്‌ലിമിനിന്റെ (എഐഎംഐഎം) പക്കൽ ‘ഹൈദരാബാദ് കോട്ട’ എക്കാലവും ഭദ്രമാണെന്നു കാണാം. 1927 ലാണ് എഐഎംഐഎം രൂപീകരിക്കപ്പെട്ടത്. അന്ന് മജ്‌ലിസെ ഇത്തുഹാദുൽ മുസ്‌ലിമിൻ (എംഐഎം) എന്നായിരുന്നു പേര്. മതപരവും സാംസ്കാരികപരവുമായ വിഷയങ്ങളിൽ ഇടപെട്ടായിരുന്നു തുടക്കം. പിന്നീട് പതിയെപ്പതിയെ രാഷ്ട്രീയകാര്യങ്ങളിലേക്കു മാറിയ പ്രസ്ഥാനം 1957ൽ രാഷ്ട്രീയ പാർട്ടിയായി മാറി. ഇന്ന് ഹൈദരാബാദിലെ ഏറ്റവും ശക്തമായ പാർട്ടിയാണിത്. എംഐഎം എന്നതിനൊപ്പം ‘ഓൾ ഇന്ത്യ’ എന്നു വെറുതെ ചേർക്കുകയായിരുന്നില്ല, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചില മേഖലകളിലെ നിർണായക ശക്തിയാണിന്ന് എഐഎംഐഎം. പാർട്ടിയുടെ നേതാവായ അസദുദ്ദീൻ ഉവൈസിയാകട്ടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റിനിർത്താൻ കഴിയാത്ത സാന്നിധ്യവും.