കേരളത്തിൽ അത് ട്രോളായിരിക്കാം, ഉത്തരേന്ത്യയിൽ വനിതകളുടെ അഭിമാനപ്രശ്നം; ‘മോദി ഗാരന്റി’യും ‘നാരീശക്തി’യും വോട്ടായതെങ്ങനെ?
Mail This Article
ഭരണവിരുദ്ധ വികാരമെന്ന ഒന്നില്ല എന്ന് പാർലമെന്റിന്റെ മുറ്റത്തു നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് മൂന്നു സംസ്ഥാനങ്ങളിലെ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. നീണ്ട ഭരണത്തിന്റെ മടുപ്പിനെപ്പോലും വോട്ടാക്കാനുള്ള ബിജെപിയുടെ സംഘടനാ ശേഷിയും താരതമ്യേന ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും അധികാരം കൈവിട്ടു പോയ കോൺഗ്രസിന്റെ ദൗർബല്യവും വെളിവാക്കിയ സംസ്ഥാന തിരഞ്ഞെടുപ്പു ഫലങ്ങൾ വന്നതിനു ശേഷം ഇനിയങ്ങോട്ട് പോസിറ്റീവ് രാഷ്ട്രീയത്തിനാണു പ്രസക്തിയെന്നായിരുന്നു മോദിയുടെ പ്രഭാഷണത്തിന്റെ പൊരുൾ. ഗുജറാത്തിലും ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഭരണം നിലനിർത്തിയ അതേ തന്ത്രങ്ങൾ ഹിമാചലിലും കർണാടകയിലും മാത്രമാണ് അടുത്തിടെ ബിജെപിക്കു മേൽ തിരിച്ചടിച്ചത്. ക്ഷേമപദ്ധതികൾ വാരിക്കോരി നൽകിയിട്ടും എന്തുകൊണ്ട് കോൺഗ്രസിന് അത് മുതലെടുക്കാനാകാതെ പോയി എന്നും ബിജെപി എങ്ങനെ അതേ പദ്ധതികളിലൂടെ അധികാരത്തിലെത്തുന്നുവെന്നതിനും രണ്ടു കാരണങ്ങളാണ് പ്രധാനമായുള്ളത്. ഒന്ന് സംഘടനാ ശേഷി. രണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുടരുന്ന ജനപ്രീതി. ഇവ രണ്ടും എങ്ങനെയാണ് ബിജെപിക്ക് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തത്? ഹിന്ദി ഹൃദയഭൂമിയിൽ തിരിച്ചടിയേൽക്കുമെന്ന് കരുതിയിരുന്നയിടത്തുനിന്ന് ബിജെപി തിരികെയെത്തിയത് എങ്ങനെയാണ്? അതിൽ വനിതാവോട്ടുകളുടെ പ്രസക്തി എന്താണ്?