പ്രതിപക്ഷത്തിന്റെ വേഷമിട്ട ഗവർണർ! ശരിക്കും പിണറായിയും ആരിഫും ‘ഭായി–ഭായി’; ഇതല്ലേ യഥാർഥ ‘രക്ഷാപ്രവർത്തനം’?
Mail This Article
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇടയ്ക്കിടെ നടത്തുന്ന വിജയവും പരാജയവും ഇല്ലാത്ത യുദ്ധങ്ങൾ പ്രതിപക്ഷ സമരങ്ങളെ അട്ടിമറിക്കാനുള്ള നാടകമാണോ? ഈ ചോദ്യം ഉന്നയിക്കുന്ന പ്രതിപക്ഷം അതിനെ സാധൂകരിക്കുന്ന തെളിവുകളും നിരത്തുന്നുണ്ട്. ഏറ്റവും ഒടുവിൽ കാലിക്കറ്റ് സർവകലാശാലയിൽ അരങ്ങേറിയ ഗവർണറുടെയും എസ്എഫ്ഐയുടെയും ‘ഷോ’ ഉൾപ്പെടെ എല്ലാം തങ്ങളുടെ പ്രസക്തിയെ നശിപ്പിക്കാനാണെന്നാണു പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. സർക്കാരിനെതിരെ ജനകീയ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം ഏറ്റുമുട്ടുമ്പോഴൊക്കെ ഗവർണർ എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കും. അല്ലെങ്കിൽ ഗവർണറെ സർക്കാർ പ്രകോപിപ്പിക്കും. മൂർച്ചയേറിയ വാക്കുകളുമായി മുഖ്യമന്ത്രിയും സിപിഎമ്മും ഗവർണർക്കെതിരെ തിരിയും. ഗവർണറും വിട്ടുകൊടുക്കില്ല. ഗവർണർമാർ പാലിക്കുന്ന പതിവു സൗമ്യത ഉപേക്ഷിച്ച് ആരിഫ് മുഹമ്മദ് ഖാൻ പൊട്ടിത്തെറിക്കും. പ്രതിപക്ഷം സജീവമാക്കിയ സമരവിഷയം അതോടെ അവസാനിക്കുന്നതാണു പതിവ്.