സ്നേഹപ്രചാരകർ
Mail This Article
ക്രിസ്മസ് ദിവസം തന്റെ വീട്ടിൽ അതിഥികളായെത്തിയ ക്രൈസ്തവരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്തുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും മൂല്യങ്ങളെയുംകുറിച്ചു പറഞ്ഞു. എല്ലാവർക്കും നീതിയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമൂഹം സൃഷ്ടിക്കാനാണ് ക്രിസ്തു ശ്രമിച്ചത്. ഈ മൂല്യങ്ങൾ ദേശീയ വികസനത്തിനു മാർഗദീപമാകുമെന്നും നിർധനരെയും പാർശ്വങ്ങളിൽ കഴിയുന്നവരെയും സേവിക്കുന്നവരാണ് ക്രൈസ്തവരെന്നും മോദി പറഞ്ഞു. മോദിതന്നെ തുടങ്ങിവച്ച ഒരു യാത്രയുടെ ഭാഗമായിരുന്നു ഈ വാക്കുകൾ. 2022 ജൂലൈയിൽ ഹൈദരാബാദിൽ ബിജെപി ദേശീയ നിർവാഹക സമിതിയിലാണ് സ്നേഹയാത്രയെന്ന ആശയം മോദി നിർദേശിച്ചത്. ക്രൈസ്തവരെയും മുസ്‌ലിംകളിലെ താഴെത്തട്ടിലുള്ളവരെയും സ്വാധീനിക്കാനുള്ള യാത്ര. ഇതിനു സംഘപരിവാറിലെ മറ്റു പ്രസ്ഥാനങ്ങളിൽനിന്ന് അത്ര പിന്തുണ ലഭിച്ചില്ല. കഴിഞ്ഞ ജനുവരിയിൽ ഡൽഹിയിൽ നിർവാഹക സമിതി ചേർന്നപ്പോൾ മോദി വീണ്ടും പറഞ്ഞു: ഹൈന്ദവ പിന്തുണ മാത്രം പോരാ, മറ്റു വിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള ശ്രമംകൂടി വേണം. തുടർന്ന്, ഈസ്റ്റർ ദിവസം മോദി ഡൽഹിയിലെ തിരുഹൃദയ ദേവാലയം സന്ദർശിച്ചു; അവിടെ പുൽത്തകിടിയിൽ മരത്തൈയും നട്ടു. അദ്ദേഹത്തിന്റെ യാത്രാനിർദേശം അനുസരിക്കുന്ന പാർട്ടിയുടെ കേരളഘടകം കഴിഞ്ഞ ഈസ്റ്ററിനും ഇപ്പോൾ ക്രിസ്മസിനും സ്നേഹപ്രചാരകരായി.