അന്ന് അരക്കോടി പട്ടിണിമരണം, രക്ഷിക്കാന്‍ അമേരിക്കയോട് കെഞ്ചി; ഇന്ന് ഇന്ത്യ ലോകത്തിന്റെ കലവറ; വിത്തിന് കൈ നീട്ടിയപ്പോൾ വിപ്ലവം തന്ന ‘കുള്ളൻ’ ഗോതമ്പ്
Mail This Article
എന്റെ അമ്മ എപ്പോഴും ' കഞ്ഞി കുടിച്ചോ' എന്നാണ് എല്ലാവരോടും ചോദിക്കാറുള്ളത്. ചോറുണ്ടോയെന്ന വാക്ക് അപൂർവമായി പോലും കേൾക്കാറില്ല. അമ്മയുടെ ഉപബോധം ഇപ്പോഴും ഇത്തിരി വറ്റുള്ള കഞ്ഞിയിൽനിന്ന് വയർ നിറയെ ചോറുണ്ണുന്ന സമൃദ്ധിയിലേക്ക് എത്തിയിട്ടില്ലേയെന്ന് ഞാൻ സംശയിക്കാറുമുണ്ട്. പട്ടിണിയുടെ നോവറിഞ്ഞവരുടെ തലമുറയാണവരുടേത്. ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം ക്ഷാമങ്ങൾക്കും ലക്ഷക്കണക്കിന് ജനങ്ങളുടെ മരണത്തിനും കാരണമായ ഒരു രാജ്യത്തിന്റെ ശൈശവദശയിലേക്ക് പിറന്നുവീണവരാണവർ. ഇപ്പോൾ ലോകത്തിലെ 300 കോടി ജനങ്ങളുടെ മുഖ്യാഹാരം അരിയാണ്. അരി കയറ്റുമതി 40% ഇന്ന് നിയന്ത്രിക്കുന്നത് ഇന്ത്യയും; ലോകത്ത് ഒന്നാംസ്ഥാനത്ത്. ബസ്മതിയല്ലാത്ത വെള്ളഅരിയുടെ കയറ്റുമതി നിരോധിക്കുകയും പുഴുക്കലരിക്ക് 20% കയറ്റുമതിച്ചുങ്കം ഏർപ്പെടുത്തുകയും ചെയ്ത് അടുത്തിടെ ഇന്ത്യ ലോകത്ത് ആശങ്കയും സൃഷ്ടിച്ചു. അരിവില നിയന്ത്രണത്തിൽ നിർത്താൻ എടുത്തതായിരുന്നു ഈ നയ തീരുമാനം. ഭക്ഷ്യ സമൃദ്ധിയുടെ ഈ ആത്മവിശ്വാസം നമുക്ക് നൽകിയത് ഹരിത–ധവള വിപ്ലവങ്ങളാണ്. ഒരാൾക്ക് ദിവസം 1.87 കിലോഗ്രാം ഭക്ഷണം (427 ഗ്രാം പാൽ ഉൾപ്പടെ) നൽകാനുള്ള ഭക്ഷ്യ ഉൽപാദനം നമുക്കുണ്ടായി. ഒപ്പം പരമാധികാരവും രാഷ്ട്രീയ അസ്തിത്വവും സ്വതന്ത്ര വിദേശ നയവുമുള്ള നട്ടെല്ലുള്ള രാജ്യമായി നിലകൊള്ളാൻ ആത്മവിശ്വാസം നൽകിയതിലും വലിയൊരു പങ്ക് ഈ കാർഷിക വിപ്ലവങ്ങൾക്കുണ്ട്.