കളഞ്ഞത് ഡോക്ടറുടെ കോട്ടും പൊലീസിന്റെ തൊപ്പിയും; ഇന്ത്യയെ രക്ഷിച്ച സ്വാമിയുടെ ‘സിംഫണി ഓർക്കസ്ട്ര’; ആ വിപ്ലവം സംഭവിച്ചില്ലായിരുന്നെങ്കിൽ...!
Mail This Article
‘‘പട്ടിണിയാണ് ദാരിദ്ര്യത്തിന്റെ ഭീകരരൂപം. അതിനാൽ പട്ടിണിയില്ലാത്ത ഇന്ത്യയുടെയും ലോകത്തിന്റെയും സൃഷ്ടിക്കായി ഞാൻ എന്റെ അധ്വാനം സമർപ്പിക്കുന്നു’’. ഡോ. എം.എസ്. സ്വാമിനാഥന്റെ ജീവിത ലക്ഷ്യമെന്തായിരുന്നു എന്നത് ഈ വാക്കുകളിൽ സ്പഷ്ടമാണ്. ബംഗാളിലെ ക്ഷാമത്തിന്റെ ദയനീയ ചിത്രങ്ങളാണ് ഡോക്ടറുടെ കോട്ടും ഐപിഎസ് തൊപ്പിയും ഉപേക്ഷിച്ച് മണ്ണിന്റെ വിളി കേൾക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 30 കോടി മാത്രമുണ്ടായിരുന്ന ജനസംഖ്യ കണ്ണടച്ചു തുറക്കും മുൻപേ നൂറു കോടി കടക്കുമെന്ന് അദ്ദേഹത്തിന് അറിയാമല്ലോ! അമേരിക്കയിലെ വിസ്കോൺസിൻ സർവകലാശാലയിൽ അധ്യാപനത്തോടൊപ്പം ഗവേഷണവും നടത്താവുന്ന ഒരു പ്രഫസർഷിപ്പ് നിരസിച്ചപ്പോൾ അദ്ദേഹം ചിന്തിച്ചത് ഇങ്ങനെയായിരുന്നത്രേ. ‘എന്തിനാണ് ഞാൻ ജനിതകശാസ്ത്ര വിദ്യാർഥി ആയത്? ഇന്ത്യയിൽ ആവശ്യത്തിനുള്ള ഭക്ഷണം ഉൽപാദിപ്പിക്കാന്‍. അതുകൊണ്ട് ഞാൻ തിരിച്ചു പോന്നു.’ പട്ടിണി മാറ്റിയ കാർഷിക ശാസ്ത്രജ്‍ഞൻ എന്ന യാത്രയുടെ തുടക്കമായിരുന്നു അത്. ആ യാത്ര 2023 ൽ അവസാനിച്ചു. 2023 ന്റെ നഷ്ടം. ആരായിരുന്നു നമുക്ക് ഡോ. സ്വാമിനാഥന്‍? ലോകത്തിന് ആരായിരുന്നു അദ്ദേഹം? ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽനിന്ന് ഏഴായിരത്തോളം നെല്ലിനങ്ങളുടെ വൻശേഖരം സൃഷ്ടിച്ച നിത്യഗവേഷകനായിരുന്നു അദ്ദേഹം. കാലാവസ്ഥാ മാറ്റത്തിനു നിദാനമാകുന്ന നെൽവയലുകളിലെ മീഥെയ്‌ൻ നിർഗമനത്തെക്കുറിച്ച് എത്രയോ കാലം മുൻപ് അദ്ദേഹം പഠിച്ചു തുടങ്ങിയിരുന്നു.