‘രാഷ്ട്രീയത്തിൽ വിജയം ജൻമസിദ്ധിയുള്ളവർക്ക് മാത്രം; രാമക്ഷേത്രം മികച്ച തീരുമാനം; ജയിക്കേണ്ടത് രാഹുൽ’
Mail This Article
മുപ്പത്തിയൊന്നാം വയസ്സിൽ കന്നിയങ്കത്തിൽ വെന്നിക്കൊടി പാറിച്ചാണ് തെലങ്കാനയിലെ നാരായൺ പേട്ടിൽ ചിത്തെം പർണിക റെഡ്ഡി എംഎൽഎ ആയത്. അച്ഛനും മുത്തച്ഛനും നക്‌സൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും പൊതുപ്രവർത്തന രംഗത്തു തുടരുന്നതിൽ പർണിക ഭയപ്പെട്ടില്ല. കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു പിന്നാലെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു ഡോക്ടറായ പർണിക. 2005ൽ നക്‌സൽ ആക്രമണത്തിലാണ് പർണികയുടെ അച്ഛനും മുത്തച്ഛനും കൊല്ലപ്പെട്ടത്. മുത്തച്ഛൻ ചിത്തെം നർസി റെഡ്ഡി കൊല്ലപ്പെടുമ്പോൾ മുക്തൽ മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു. അച്ഛൻ വെങ്കടേശ്വർ റെഡ്ഡിയും കോൺഗ്രസ് നേതാവായിരുന്നു. അമ്മ ഐഎഎസ് ഉദ്യോഗസ്ഥ. അമ്മായി ഡി.കെ.അരുണ ബിജെപി നേതാവും അമ്മാവൻ സി.റാം മോഹൻ റെഡ്ഡി ബിആർഎസ് നേതാവുമാണ്. ഭർത്താവ് ഡോക്ടർ വിശ്വജിത്ത് റെഡ്ഡിക്കൊപ്പം ആതുര സേവന മേഖലയിലേക്ക് തിരിയാമായിരുന്നെങ്കിലും രക്തത്തിൽ അലിഞ്ഞുചേർന്ന രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു പർണിക. തെലങ്കാനയിൽ കോൺഗ്രസ് നടത്തിയ കുതിപ്പിനൊപ്പം പർണികയും ജയത്തോടെ അധികാര രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു.