അന്ന് ആന, കുതിര, ഒട്ടകമിറങ്ങിയ തിരഞ്ഞെടുപ്പ്: 44 വർഷത്തിനിപ്പുറം കേരള കോൺഗ്രസ് നേർക്കുനേർ; ഇനി പോരാട്ട‘ക്കോട്ടയം’
Mail This Article
കെ.എം. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ വീണ്ടും എതിർചേരികളിൽ ഇടം പിടിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 44 വർഷത്തിനു ശേഷം നേരിട്ടുള്ള കേരള കോൺഗ്രസ് പോരാട്ടത്തിനു വഴിതെളിയുകയാണ്. ഇത്തവണ കോട്ടയമാണു കേരളാ കോൺഗ്രസ് പോരിന്റെ വേദി. നിലവിൽ കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടനാണ് കോട്ടയം എംപി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ചാഴികാടൻ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഏറക്കുറെ ഉറപ്പിച്ചമട്ടാണ്. യുഡിഎഫ് ധാരണ പ്രകാരം കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകാൻ തീരുമാനമായിട്ടുണ്ട്. അതോടെ കോട്ടയത്ത് കേരള കോൺഗ്രസ് പോരാട്ടത്തിന്റെ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. 44 വർഷം മുൻപ്, 1980 ലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും അവസാനമായി നേർക്കുനേർ ഏറ്റുമുട്ടിയത്. പലതവണ പിളർന്നിട്ടുണ്ടെങ്കിലും 1979 ലെ ജോസഫ്, മാണി വിഭാഗങ്ങളുടെ വേർപിരിവാണു കേരള കോൺഗ്രസുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പായി ഗണിക്കപ്പെടുന്നത്. ചരിത്രപരമായ പിളർപ്പിന് ഒരാണ്ടു പൂർത്തിയാകുന്നതിനു മുൻപുതന്നെ ഇരു വിഭാഗത്തിനും ശക്തി തെളിയിക്കാൻ ലോക്സഭാ തിരഞ്ഞെടുപ്പ് കാരണമായി.