അപ്പീലിന് ഇനി 1000 രൂപ! ഫ്ലാറ്റുടമ എത്ര ഭൂനികുതി അടയ്ക്കണം? പണമെത്ര പോകും നിങ്ങളുടെ പോക്കറ്റിൽ നിന്ന്?
Mail This Article
ഓരോ ബജറ്റ് കഴിയുമ്പോഴും സാധാരണക്കാരന്റെ മനസ്സിൽ ഉയരുന്ന ചോദ്യം ഇതാണ്; എന്റെ കുടുംബ ബജറ്റ് എത്ര കൂടും? ലോക്സഭാ തിരഞ്ഞെടുപ്പ് അരികെ എത്തിയതു മൂലമാകാം നികുതി ചുമത്താനുള്ള കടുത്ത നീക്കങ്ങൾക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുതിർന്നില്ല. അതേസമയം സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ചെലവിനു പണം കണ്ടെത്താനുള്ള ശ്രമങ്ങൾ ബജറ്റിൽ ഏറെയുണ്ട്. കോടതി ചെലവു മുതൽ മദ്യത്തിന്റെ ഗാലനേജ് ഫീസ് വരെയുള്ള പരോക്ഷമായ നീക്കങ്ങൾ അവയിൽ ചിലതു മാത്രം. എല്ലാത്തിനും പരിഹാരമായി മന്ത്രിയുടെ ‘മന്ത്രം’ ഇതാണ്: ‘എന്റെ കൈയിൽ പ്ലാൻ ബി ഉണ്ട്’. എന്നാൽ ഇതെന്താണെന്നു മന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതു കണ്ടെത്താൻ ജനങ്ങളുടെ ഭാവനയ്ക്ക് വിട്ടു കൊടുത്തതാണോ! പല സ്ഥലത്തായി ചുമത്തിയ ഫീസുകൾ വൈകാതെ ജനങ്ങളിൽ എത്തുന്നതാണോ പ്ലാൻ ബി? അതാണ് ഇനി ജനത്തിന് അറിയേണ്ടത്. ബജറ്റവതരണ രീതികൾ എങ്ങനെയൊക്കെ മാറിയാലും സാധാരണക്കാരൻ ശ്രദ്ധിക്കുന്നത് ഈ ബജറ്റിനുശേഷം എന്റെ പോക്കറ്റിൽനിന്ന് എത്ര രൂപ കൂടുതൽ ചെലവാകും അല്ലെങ്കിൽ എത്ര ലാഭിക്കാനാകും എന്നതാണ്. ഒറ്റനോട്ടത്തിൽ സംസ്ഥാന ബജറ്റിൽ ജനങ്ങളെ അധികം ബാധിക്കുന്ന പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്നു തോന്നാം. എന്നാൽ പല മേഖലകളിൽ ഏർപ്പെടുത്തിയ ഫീസുകളും നികുതികളും നിങ്ങളുടെ പോക്കറ്റിനെ ബാധിച്ചേക്കാം.