സൺറൈസും ഭാരത് റൈസും
Mail This Article
പിണറായി സൂര്യനാണെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞതോടെ ‘സൂര്യോദയ ബജറ്റ്’ അവതരിപ്പിച്ചില്ലെങ്കിൽ കുഴപ്പമാവുമെന്നു ബാലഗോപാലിനു പേടി തോന്നിയിട്ടുണ്ടാവാം. ‘സൺറൈസ് ബജറ്റ്’ എന്നാണത്രേ ശരിപ്പേര്. സമ്പദ്ഘടന ഉദിച്ചുയരുന്നതാണ് ‘സൂര്യോദയ’ത്തിന്റെ ലക്ഷണം. അരലക്ഷം കോടിയോളം രൂപ പല വകുപ്പിൽ കൊടുക്കാൻ ബാക്കിയാണെന്നാണു കേൾവി. ‘കാൽലക്ഷം കോടി ഉടൻ കടമെടുക്കാൻ അനുവദിപ്പിക്കണം’ എന്നു സുപ്രീംകോടതിയിൽ ഹർജി ശീട്ടാക്കിയിട്ടു ദിവസങ്ങളേ ആയുള്ളൂ. ‘ഇങ്ങനെ മുടിക്കുന്നവരുടെ കയ്യിൽ ഇനി നയാപൈസ അധികം കൊടുക്കാൻ പറയരുത്’ എന്നു കേന്ദ്രവും കോടതിയിൽ പറഞ്ഞിട്ടുണ്ട്. ‘സൺറൈസ്’ ഇങ്ങനെയാണെങ്കിൽ ‘സൺസെറ്റി’ന്റെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ. കമ്മി ആവശ്യത്തിലേറെയുണ്ടെങ്കിലും സിപിഐക്കുള്ള അവഗണനയുടെ വിഹിതത്തിൽ ഇതുപോലെ മിച്ച ബജറ്റ് അധികം കണ്ടിട്ടില്ല. ബജറ്റ് പ്രൊവിഷനു പുറത്തുതന്നെ ഇതു നേരത്തേ കിട്ടുന്നതിനാലാണ് മാവേലി സ്റ്റോറിലും സപ്ലൈകോയിലുമൊന്നും ‘പ്രൊവിഷൻസിന്റെ’ ശല്യമില്ലാത്തത്. മാവേലി സ്റ്റോറിൽ തപ്പി ഒന്നുമില്ലെന്നു തിരിച്ചറിഞ്ഞ അത്താഴപ്പട്ടിണിക്കാരനാണോ ബജറ്റ് മുഴുവൻ തപ്പിയ സിപിഐ മന്ത്രിമാർക്കാണോ നിരാശയും ആത്മരോഷവും കൂടുതലെന്നു തിട്ടപ്പെടുത്തിയിട്ടില്ല. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു കൊല്ലത്തെ സിപിഐക്കാരെങ്കിലും അറിയട്ടെ.