ചന്ദ്രശേഖരന്റെ ‘വെടി’, പിണറായിയുടെ വിരുന്ന്... മോദിക്കൊപ്പം ഊണു കഴിച്ചാൽ പ്രേമചന്ദ്രന്റെ സീറ്റ് പോകുമോ?
Mail This Article
കേരളത്തിൽ കൊടുംചൂട് ഉച്ചിയിൽ പതിക്കുന്ന ഏപ്രിൽ–മേയ് മാസങ്ങളിലായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പെന്ന് ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു. അകത്തും പുറത്തും ചൂടെന്ന അവസ്ഥയിലേക്ക് രാഷ്ട്രീയ പാർട്ടികളും എത്തിയിരിക്കുന്നു. ഘടകകക്ഷികളിൽനിന്ന് സീറ്റ് പിടിച്ചെടുക്കാൻ വരെയാണ് ‘മുഖ്യധാരാ’ പാർട്ടികളുടെ ശ്രമങ്ങൾ. അങ്ങനെ സീറ്റുകളുടെ കാര്യം അനിശ്ചിതത്വത്തിലായിരിക്കെയാണ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ആ വെടി പൊട്ടിച്ചത്. ‘‘ഒരു തവണ ആർഎസ്പിക്ക് സീറ്റ് നൽകിയത് ക്ഷമിക്കാം. രണ്ടാമതും എന്തിനാണ് കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രന് യുഡിഎഫ് സീറ്റു നൽകിയത്? കോൺഗ്രസിന് ഇതുകൊണ്ട് എന്തു ഗുണമാണുള്ളത്?’’– ചന്ദ്രശേഖരൻ കത്തിക്കയറി. പക്ഷേ പ്രേമചന്ദ്രന് പകരം കൊല്ലത്ത് ആരു സ്ഥാനാർഥിയാകും? അതു മാത്രമല്ല. ചന്ദ്രശേഖരനെക്കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നത് സിപിഎമ്മാണെന്നാണ് കോൺഗ്രസ്തന്നെ പറയുന്നത്. അങ്ങനെയൊരു ആരോപണം ഉന്നയിക്കാൻ തക്കതായ കാരണവുമുണ്ട്. അതവിടെ നിൽക്കട്ടെ. ഇതിനിടെ പാർലമെന്റ് കന്റീനിലൊന്നു കയറിയ പ്രേമചന്ദ്രന്റെ ‘വയറു നിറഞ്ഞു’. അത്തരമൊരു ഉശിരൻ വിവാദമായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഓഫിസ് വരെ ഒന്നു വരാമോ എന്നു ചോദിച്ച്, അവിടെയെത്തിയപ്പോൾ നരേന്ദ്രമോദി നേരിട്ടെത്തി തന്നെ കന്റീനിലേക്കു കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്നുവെന്നാണ് പ്രേമചന്ദ്രൻ പറയുന്നത്. എന്നാൽ അതിനു മാത്രം മോദിയും പ്രേമചന്ദ്രനും തമ്മിൽ എന്താണ് അടുപ്പമെന്ന ചോദ്യം തൊട്ടുപിന്നാലെയെത്തി.