അന്ന് അവർ ഇരുവരും ബിജെപിയോട് സന്ധി ചെയ്തില്ല; അനിലിനു പിന്നാലെ പദ്മജയും! ഈ സർജിക്കൽ സ്ട്രൈക്കിന്റെ ലക്ഷ്യം ഇത്
Mail This Article
കെ. കരുണാകരനും എ.കെ ആന്റണിയും. ഒരു കാലത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ രണ്ട് ദീപസ്തംഭങ്ങളായിരുന്നു ഇവർ. ഇണങ്ങിയും പിണങ്ങിയും അവർ ഏറെക്കാലം ദേശീയ തലത്തിൽ പോലും തിളങ്ങി നിന്നു. കരുണാകരൻ എല്ലാ സമുദായങ്ങളെയും ചേർത്തു പിടിക്കാൻ എപ്പോഴും ശ്രമിച്ചു. പഴയ തലമുറയിൽ പെട്ടവർ ഓർമിക്കുന്നുണ്ടാകും, നായർ സർവീസ് സൊസൈറ്റിക്കും (എൻഎസ്എസ്) എസ്എൻഡിപി യോഗത്തിനും പ്രത്യേക രാഷ്ടീയപാർട്ടികൾ കേരളത്തിലുണ്ടായിരുന്നു. എൻഎസ്എസിന് എൻഡിപി, എസ്എൻഡിപി യോഗത്തിന്റെ ആശിർവാദത്തോടെ എസ്ആർപി. ഇരു പാർട്ടികളും യുഡിഎഫിന്റെ ഘടകകക്ഷികളായിരുന്നു. രണ്ടു പാർട്ടികൾക്കും എംഎൽഎമാരും മന്ത്രിയുമൊക്കെ ഉണ്ടായിരുന്നു. കരുണാകരൻ സമുദായ മേൽവിലാസമുള്ള പാർട്ടികളെ ചിറകിൻകീഴിൽ സംരക്ഷിച്ചപ്പോൾ അത് മൃദു ഹിന്ദുത്വമായി ആരും വിശേഷിപ്പിച്ചില്ല. അക്കാലം ഈ പ്രയോഗം തന്നെ ഉണ്ടായിരുന്നില്ലല്ലോ. സമുദായങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വാരിക്കോരി സ്ഥലവും മറ്റും നൽകുന്നതിലും അദ്ദേഹം തൽപരനായിരുന്നു.