എന്തിനു ദുര്യോധനൻ ആകണം?
Mail This Article
ജാനാമി ധർമം ന ച മേ പ്രവൃത്തിഃ ജാനാമി പാപം ന ച മേ നിവൃത്തിഃ (പാണ്ഡവഗീത–57) ദുര്യോധനന്റെ വാക്കുകൾ: ‘ധർമമെന്തെന്ന് എനിക്കറിയാം; പക്ഷേ അതു ചെയ്യാൻ എനിക്കു കഴിയുന്നില്ല. അധർമമെന്തെന്ന് എനിക്കറിയാം; പക്ഷേ അത് ഒഴിവാക്കാനും എനിക്കു കഴിയുന്നില്ല’. വ്യാസഭാരതത്തിലില്ലാത്ത ഈ വരികൾ പാണ്ഡവഗീതയിലേതാണ്. പാണ്ഡവരോടു യുദ്ധം ചെയ്യുന്നതു നീതിയല്ലെന്ന് ദുര്യോധനനെ കൃഷ്ണൻ ഉപദേശിക്കുമ്പോൾ നല്‍കിയ മറുപടിയാണിത്. ധർമമേത്, അധർമമേത് എന്നു നിശ്ചയമുള്ളയാൾക്ക് അധർമത്തിൽനിന്നു മാറി നിൽക്കാനാവാത്ത നിസ്സഹായത. ദുര്യോധനനെ കേവലം കഥാപാത്രമായല്ല കാണേണ്ടത്. നമ്മിൽ എല്ലാവരിലുമുണ്ട് ദുര്യോധനന്റെ അംശം. ചിലരിൽ അതു വളരെ കൂടുതലാകുമ്പോൾ അത്യാചാരങ്ങൾ ചെയ്യുന്നു. പക്ഷേ വലിയ തെറ്റുകൾ ചെയ്യുമ്പോഴും കുറ്റവാളിയുടെ ഉള്ളിന്റെയുള്ളിൽ താൻ ചെയ്യുന്നത് തെറ്റാണെന്ന തോന്നലുണ്ടാവും. അപ്പോഴും, തെറ്റിനോടും കുറ്റകൃത്യത്തോടും മുഖം തിരിക്കാനാവാത്ത അവസ്ഥ. കണക്കുകൂട്ടി കൊലപാതകം ചെയ്യുന്നയാൾക്കു നിശ്ചയമായും അറിയാം താൻ ചെയ്യുന്നത് കടുത്ത അപരാധമാണെന്ന്.