വിഴിഞ്ഞത്തെ ‘ചെളിവെള്ളം’ വോട്ടിൽ കലരുമോ? അതിർത്തി കടന്നാൽ കോൺഗ്രസ്– സിപിഎം ‘വിൻ വിൻ’; പെട്രോളടിച്ചാൽ ഇവിടെ ‘ലോട്ടറി’!
Mail This Article
നെടുവൻവിള ജംക്‌ഷനിൽ മണികണ്ഠൻ നിർത്തിയ ഓട്ടോറിക്ഷയിലേയ്ക്ക് ബസ് കാത്തു നിന്ന നാലു വിദ്യാർഥികൾ കയറി. ബസിലെന്നതു പോലെ ഓരോരുത്തരുടെയും വീതം പണം മണികണ്ഠന് കൈമാറി. ഇതെന്താ, ഓട്ടോറിക്ഷയാണോ അതോ ബസാണോ എന്നു സംശയം തോന്നരുത്. ഇതാണ് ഷെയർ ഓട്ടോ. യാത്രക്കാർ തുല്യമായി യാത്രാക്കൂലി പങ്കിട്ട് യാത്ര ചെയ്യുന്ന അതിർത്തിയിലെ കുട്ടിബസാണ് ‘ഷെയർ’ ഓട്ടോ. കേരളവും തമിഴ്നാടും അതിർത്തി ഷെയർ ചെയ്യുന്ന പാറശാലയ്ക്കു സമീപമാണ് നെടുവൻവിള. ഷെയർ ഓട്ടോ മാത്രമല്ല കേരളവും തമിഴ്നാടുമായി പല കാര്യങ്ങളും പങ്കു വയ്ക്കുന്നവരാണ് നെടുവൻവിളക്കാർ. അതു കൊണ്ടു തന്നെ ഇവർ രണ്ടു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് ചർച്ച ചെയ്യുന്നത്. അതിർത്തിയിലേക്ക് ഷെയർ ഓട്ടോ ഓടിയെത്തിയതിനും കാരണമുണ്ട്. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന അതിർത്തി ഗ്രാമങ്ങളിലുള്ളവർ പ്രധാനമായും കെട്ടിട നിര്‍മാണ മേഖലയിലാണ് പണിയെടുത്തിരുന്നത്. ഇവിടെനിന്ന് തിരുവനന്തപുരം നഗരത്തിലെത്തി പണിയെടുത്ത അവരിൽ മിക്കവരും ഇന്ന് തൊഴിൽരഹിതരാണ്. കെട്ടിടനിർമാണം അവസാനിപ്പിച്ചവരിൽ മിക്ക യുവാക്കളും ഇന്ന് ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നതെന്ന് ഓട്ടോ ഡ്രൈവർമാരായ എ. മണികണ്ഠൻ, എ. രമേശ്, റസലയ്യൻ, സ്റ്റീഫൻ എന്നിവർ പറയുന്നു. തർക്കം തിരതല്ലിയ വിഴിഞ്ഞത്തും ചർച്ച തൊഴിൽനഷ്ടമാണ്.