യുവാവിന്റെ കണ്ണിൽ ചുണ്ണാമ്പെഴുതി കാഴ്ച കളഞ്ഞ ക്രൂരത: ഗാന്ധി നേരിട്ടെത്തി: പണിക്കർ പറഞ്ഞു: ‘ഞാൻ ഇവർക്കൊപ്പമേ പോകൂ...’
Mail This Article
വൈക്കം സത്യഗ്രഹം പെട്ടെന്നുണ്ടായ ഒരു സമരമായിരുന്നില്ല. ഒന്നേകാൽ നൂറ്റാണ്ടുകാലത്തെ നിരന്തരമായ ആശയപ്രചാരണവും അതിനും എത്രയോ നൂറ്റാണ്ടുകൾ മുൻപ് സ്ഥാപിച്ച ബൗദ്ധികാടിത്തറയും അതിനുണ്ടായിരുന്നു. 500 വർഷം മുൻപ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എഴുതിയ അധ്യാത്മരാമായണം കിളിപ്പാട്ടിൽ അതിന്റെ വേരുകളുണ്ട്. ‘ബ്രാഹ്‌മണോഹം നരേന്ദ്രോഹമാഢ്യോഹ മെന്നാമ്രേഡിതം കലർന്നീടും ദശാന്തരേ...’ എന്നു തുടങ്ങുന്ന വരികളിൽ അയിത്തത്തിനെതിരെയുള്ള ആദ്യവെടി പൊട്ടിയിരുന്നു. പിന്നീട് പഴശ്ശിരാജയുടെ നേതൃത്വത്തിൽ മലബാറിൽ നടന്ന ബ്രിട്ടിഷ് വിരുദ്ധകലാപത്തിൽ അയിത്തമില്ലാതാക്കേണ്ടതിന്റെ ആവശ്യകത പറയാതെ പറയുന്നുണ്ട്. 1809ൽ തെക്കൻ തിരുവിതാംകൂറിൽ ജനിച്ച അയ്യാ വൈകുണ്ഠസ്വാമിയുടെ സമത്വപ്രസ്ഥാനത്തിൽ അയിത്തത്തിനെതിരെയുള്ള പ്രത്യക്ഷ ഇടപെടലുകൾ സംഭവിച്ചു. തമിഴ് നാട്ടിലെ ഗുരുപരമ്പരയിൽപെട്ട തിരുമൂലരുടെ ദർശനങ്ങളാണ്, ചാന്നാർ സമുദായത്തിൽ പിറന്ന അയ്യാ വൈകുണ്ഠസ്വാമിക്ക് പ്രചോദനമായത്. തിരുവിതാംകൂർ രാജകൊട്ടാരത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന തൈക്കാട്ട് അയ്യാവു സ്വാമിയാണ് ഈ രണ്ടാം നവോത്ഥാനത്തിൽ രണ്ടാമതായി ഉയർന്നു വന്ന ഗുരു. അദ്ദേഹത്തിനും, തമിഴ്‌നാട്ടിലെ ശൈവ വെള്ളാളർക്കിടയിലുള്ള ചില ഉന്നത ചിന്താധാരകളാണ് ഊർജമേകിയത്.