‘കച്ചത്തീവ് തിരിച്ചെടുക്കണമെങ്കിൽ യുദ്ധം’: മോദി ലക്ഷ്യമിടുന്നത് എന്താണ്? തിരിച്ചടിക്കും ‘ലോ ഓഫ് ദ് സീ’
Mail This Article
285 ഏക്കർ മാത്രമുള്ള, ജനവാസമില്ലാത്ത ഒരു ദ്വീപിന്റെ പേരിൽ ഇന്ത്യൻ രാഷ്ട്രീയം വാക്‌പോര് നടത്താൻ തുടങ്ങിയിട്ട് ദിവസങ്ങളായി. തമിഴ്‌നാട്ടിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ‘കച്ചത്തീവ്’ എന്ന കുഞ്ഞൻ ദ്വീപുവിവാദം രാജ്യം മുഴുവൻ ചർച്ചയാകുന്നു. മാർച്ച് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സിൽ’ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദത്തിനാധാരം. കച്ചത്തീവിനെ കോൺഗ്രസ് നിർദയമായി ശ്രീലങ്കയ്ക്ക് വിട്ടുനൽകിയെന്നും ആ പാർട്ടിയെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്നുമാണ്, ‘കച്ചത്തീവിനെ ഇന്ദിരാഗാന്ധി എങ്ങനെയാണ് ശ്രീലങ്കയ്ക്ക് വിട്ടുനൽകിയത്’എന്ന തലക്കെട്ടിലുള്ള മാധ്യമവാർത്ത പങ്കുവച്ചുകൊണ്ട് മോദി ആരോപിച്ചത്. തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷൻ കെ. അണ്ണാമലൈയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലായിരുന്നു വാർത്ത. കച്ചത്തീവിനെക്കുറിച്ചുള്ള ചർച്ചകൾ അപ്രസക്തമാണെന്ന് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു അഭിപ്രായപ്പെട്ടെന്നും അണ്ണാമലൈയ്ക്ക് ലഭിച്ച മറുപടിയിൽ പറയുന്നു. എന്താണ് കച്ചത്തീവിന്റെ പ്രസക്തി? പ്രധാനമന്ത്രി ആരോപിച്ചതുപോലെ കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് വെറുതേ വിട്ടുനൽകുകയായിരുന്നോ ഇന്ദിരാഗാന്ധി? തമിഴ്‌നാട് കച്ചത്തീവിനെ തിരികെ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്?