രാജ്യത്തെ ‘പട്ടിണി’ക്കിട്ട് സ്വന്തമാക്കാൻ പണിമുടക്കിയ പാർട്ടി; ബോംബ് സിപിഎമ്മിന്റെ ‘അടവ്’: ആന്റണി ഓർമിപ്പിച്ചത്...
Mail This Article
ഏതാണ്ട് മൂന്നര പതിറ്റാണ്ട് മുൻപ് റിലീസ് ചെയ്ത ‘സന്ദേശം’ എന്ന സിനിമയിൽ പ്രഭാകരൻ കോട്ടപ്പള്ളി എന്ന സഖാവ് സ്വന്തം പെങ്ങളുടെ ഭർത്താവായ പൊലീസുകാരനോടു പറയുന്ന ഒരു മാസ് ഡയലോഗ് ഉണ്ട്. ‘‘വേണ്ടി വന്നാൽ ഒരു കലാപം വരെ ഇവിടെ പൊട്ടിപ്പുറപ്പെട്ടേക്കാം. സായുധ സമരം ഞങ്ങൾക്ക് പുത്തരിയില്ല...’’ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ഇക്കഴിഞ്ഞ ദിവസം ഇന്ത്യൻ ഭരണഘടന ഉയർത്തിക്കാട്ടി സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ചോദിച്ച ചോദ്യം കൂടി ഇവിടെ ചേർത്തു വായിക്കണം. ഇന്ത്യയ്ക്ക് കിട്ടിയ സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ലെന്നു പറഞ്ഞ കമ്യൂണിസ്റ്റുകാർ ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാനാണ് 1948ലെ കൊൽക്കത്ത തീസിസിലൂടെ ശ്രമിച്ചതെന്നും ആന്റണി ആഞ്ഞടിച്ചു. കൊൽക്കത്ത തീസിസിന്റെ എഴുപത്തിയഞ്ചാം വാർഷികം കടന്നുപോയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. സിപിഎമ്മിന്റെ സായുധ വിപ്ലവ മോഹവും എ.കെ. ആന്റണി പറഞ്ഞ കൊൽക്കത്ത തീസിസും തന്നെയാകട്ടെ ഈ ആഴ്ചത്തെ വിശേഷം. കാലം ഇത്ര കഴിഞ്ഞിട്ടും ‘സന്ദേശം’ എന്ന ആ സത്യൻ അന്തിക്കാട് സിനിമ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് വേളകളിൽ പ്രത്യേകിച്ചും. ആനന്ദൻ എന്ന മാള അരവിന്ദന്റെ കഥാപാത്രം, സായുധ സമരത്തെക്കുറിച്ചു വാചാലനായ പ്രഭാകരൻ കോട്ടപ്പള്ളിയോടു ചോദിക്കുന്നുണ്ട്.