നമുക്കുള്ള ശിക്ഷ ആര് ഏൽക്കും ?
Mail This Article
നിങ്ങൾ ആരെയെങ്കിലും ആത്മഹത്യയിൽനിന്നു പിന്തിരിപ്പിച്ചിട്ടുണ്ടോ? നിങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്ത എന്തെങ്കിലും കാര്യം മറ്റൊരാളെ ആത്മഹത്യ ചെയ്യുന്നതിൽനിന്നു പിന്തിരിപ്പിച്ചിട്ടുണ്ടാകാം. പിന്തിരിപ്പിച്ച കാര്യം ചിലപ്പോൾ നിങ്ങൾ അറിയണമെന്നില്ലെന്നു മാത്രം. ഈ ചോദ്യത്തിനു മൂർച്ചയുള്ള ഒരു മറുവശവുമുണ്ട്. നിങ്ങൾ ഒരാളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചിട്ടുണ്ടോ? അതും ചിലപ്പോൾ അറിഞ്ഞോ അറിയാതെയോ ആകാം. ഇന്ത്യൻ പീനൽ കോഡ് 306-ാം വകുപ്പുപ്രകാരം പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ആത്മഹത്യാപ്രേരണ. ആത്മഹത്യാപ്രേരണയ്ക്കു ശിക്ഷിക്കപ്പെടുന്നതു പക്ഷേ, അതൊരു വ്യക്തിയോ ഏതാനും വ്യക്തികളോ ചെയ്യുമ്പോഴാകും. സമൂഹം വിവിധതരം സമ്മർദങ്ങൾ നൽകി കാലക്രമേണ ഒരാളെ ആത്മഹത്യ ചെയ്യിപ്പിക്കുമ്പോൾ സമൂഹത്തെ ശിക്ഷിക്കുക സാധ്യമല്ല എന്നതാകാം ഇഞ്ചിഞ്ചായും കൂട്ടായും കുറ്റം ചെയ്യാൻ മനുഷ്യജന്തുക്കളെ പ്രേരിപ്പിക്കുന്നത്. സമൂഹത്തിന്റെ ആ കുറ്റകൃത്യത്തിൽ സമൂഹത്തിലെ ഓരോ അംഗത്തിനും ഏറിയും കുറഞ്ഞുമുള്ള ഉത്തരവാദിത്തമുണ്ട്. അങ്ങനെയൊരു ഉത്തരവാദിത്തവുമായാണ് തലകുനിച്ച് ഇതെഴുതാനിരിക്കുന്നത്.