‘പശുവിന്റെ പേരിൽ വോട്ടു മതി; ‘ഗോസേവ’യിൽ താൽപര്യമില്ല; ‘ഡബിൾ എൻജിനു’ കീഴിൽ ഇപ്പോഴും മഹാദേവ് ആപ്പുണ്ട്’
Mail This Article
ഛത്തീസ്ഗഡ് മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ മത്സരിക്കുന്ന രാജ്നന്ദ്ഗാവ് മണ്ഡലത്തിലേക്കുള്ള യാത്രയിൽ വീടുകളുടെ സമീപത്ത് ചാണകം കൂട്ടിയിട്ടിരിക്കുന്നതു കാണാം. ചാണകം മെഴുകിയ മതിലുകള്‍ ഇരുവശവുമുള്ള ഇടുങ്ങിയ വഴികളിലൂടെ വേണം പ്രചാരണം നടക്കുന്ന ചോഭറിലും രാംപുറിലുമെത്താൻ. ചാണകത്തെക്കുറിച്ച് എന്താ ഇത്ര പറയാൻ കാര്യമെന്നു ചോദിക്കാൻ വരട്ടെ. ഛത്തീസ്ഗഡ് രാഷ്ട്രീയത്തിൽ ചാണകത്തിനുള്ള പ്രാധാന്യം വലുതാണ്. കോൺഗ്രസിന്റെ രാഷ്ട്രീയ പ്രസംഗങ്ങളിൽ ഉയർന്നു കേൾക്കുന്നതും ചാണകവിഷയം തന്നെ. ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായപ്പോഴാണ് കർഷകരിൽ നിന്നു ചാണകം സംഭരിക്കുന്ന ‘ഗോധൻ ന്യായ്’ പദ്ധതി ആരംഭിച്ചത്. പശുവുമായി ബന്ധപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടയാളമായി കൂടിയാണ് ഈ പദ്ധതിയെ പലരും കണ്ടത്. 2020 ജൂലൈ 20 മുതലാണ് സർക്കാർ ചാണകം വാങ്ങാൻ തുടങ്ങിയത്. മൂന്നു വർഷത്തിനിടെ മാത്രം കിലോയ്ക്ക് രണ്ടു രൂപ നിരക്കിൽ 1.24 കോടി ക്വിന്റൽ ചാണകം വാങ്ങി. ഇത് വനിതാസ്വാശ്രയ സംഘങ്ങൾ വഴി വെർമി കംപോസ്റ്റ് ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ചാണകം സംഭരിച്ച വകയിൽ 250 കോടിയിലേറെ രൂപ കർഷകർക്ക് കോൺഗ്രസ് സർക്കാർ നൽകി.