ബഹുജനം പലമനം
Mail This Article
എന്താണ് മായാവതിയുടെ ഉദ്ദേശ്യമെന്നു ചോദിക്കുന്നവരെ കുറ്റം പറയാനാവില്ല. കാരണം, ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരോടും ചങ്ങാത്തമില്ലാതെ മത്സരിക്കുന്ന മറ്റൊരു പാർട്ടിയെയും പോലെയല്ല ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി). അതു രാജ്യത്തെ വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷയുടെ ഭാഗമാണ്. സത്യത്തിൽ അങ്ങനെ പറയുന്നതു ഭംഗിവാക്കാണ്. ഇപ്പോൾ പ്രതീക്ഷയല്ല എന്നതാണു വസ്തുത. ബിജെപിയുമായും ഇന്ത്യാ മുന്നണിയുമായും കൂട്ടുകെട്ട് ബിഎസ്പി താൽപര്യപ്പെടുന്നില്ല. സഖ്യങ്ങൾക്കൊണ്ടു പ്രയോജനമല്ല നഷ്ടം മാത്രമാണു ബിഎസ്പിക്ക് ഉണ്ടായതെന്നാണു മായാവതി പറയുന്നത്; ബിഎസ്പിയുടെ നഷ്ടങ്ങൾ മറ്റുള്ളവർ മുതലാക്കുന്നുവെന്നും. തങ്ങൾക്കു തനിച്ച് വലിയ കരുത്തുണ്ട്, അതിന്റെ ബലത്തിൽ മത്സരിച്ചു ജയിക്കുമെന്നാണു പ്രഖ്യാപനം. ബിജെപിയെയും 2019ൽ തങ്ങളുമായി സഖ്യമുണ്ടായിരുന്ന സമാജ്‌വാദി പാർട്ടിയെയും (എസ്പി) ദലിത് നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയെയുമാണു ബിഎസ്പി ഏറെ വിമർശിക്കുന്നത്. എസ്പി – കോൺഗ്രസ് സഖ്യത്തിന്റെ വോട്ടുകൾ പിളർത്തുക എന്നതിനപ്പുറം മറ്റൊരു ഉദ്ദേശ്യം മായാവതിക്കില്ലെന്നു ചിലർ പറയുന്നത് യുപിയിലെ ബിഎസ്പി സ്ഥാനാർഥിപ്പട്ടിക കണ്ടിട്ടാണ്. കഴിഞ്ഞദിവസംവരെ പ്രഖ്യാപിച്ച 64 പേരിൽ 18 മുസ്‌ലിംകളുണ്ടെന്നതാണ് അതിനു പ്രധാന കാരണം. മുസ്‌ലിംകളുടെ വോട്ടത്രയും ഇത്തവണ പ്രതിപക്ഷമുന്നണിക്കു ലഭിക്കേണ്ടതാണ്. അങ്ങനെ സംഭവിക്കുന്നതു തടയാൻ മാത്രമാണ് ബിഎസ്പിയുടെ നടപടിയെന്നാണു വിമർശനം.