കേരളത്തിൽ വേണമായിരുന്നോ ഇത്! അവസാന അടവോ ഇരട്ട വോട്ടും കള്ള വോട്ടും...? പിടിമുറുക്കുമോ കേന്ദ്ര സേന?
Mail This Article
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 2,77,49,159 വോട്ടർമാർ ഏപ്രിൽ 26ന് പോളിങ് ബൂത്തിലേക്ക് പോകുകയാണ്. ഏതാണ്ട് ഒന്നര– രണ്ട് മാസത്തോളം കേരളക്കരയാകെ ഇളക്കിമറിച്ച അതിതീവ്ര പ്രചാരണത്തിനു കലാശക്കൊട്ട് ഉയരുമ്പോൾ അവസാന അടവുകളിലൊന്നായി കള്ളവോട്ടുകൾ കടന്നു വരുമോ? കള്ളവോട്ടുകളെച്ചൊല്ലി സംഘർഷ സാധ്യത ഉണ്ടാകാൻ സാധ്യതയുള്ള ബൂത്തുകളിൽ കേന്ദ്ര സേനയെ ഇറക്കുമോ? ആകെയുള്ള രണ്ടേമുക്കാൽ കോടിയിലേറെ വരുന്ന വോട്ടർമാരിൽ പതിവുപോലെ സംസ്ഥാനത്ത് സ്ത്രീ വോട്ടർമാരാണ് കൂടുതൽ– 1,43,33,449. പുരുഷ വോട്ടർമാർ 1,34,15,293. ട്രാൻസ്ജെൻഡർ വോട്ടർമാർ 367. ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള ജില്ല മലപ്പുറമാണ്– 33,93,884. കുറവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ– 6,35,930. രണ്ടേ മുക്കാൽ കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ ജനാധിപത്യ പ്രക്രിയയുടെ സർവ സൗന്ദര്യവും ഇല്ലാതാക്കി കള്ളവോട്ടുകൾ ഇക്കുറി പെരുകുമോ? വിവിധ മണ്ഡലങ്ങളിൽനിന്നു ലഭ്യമാകുന്ന കണക്കുകൾ ആ വഴിക്കുള്ള ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ കർശന ജാഗ്രതയ്ക്ക് പ്രവർത്തകർക്കും അണികൾക്കും നിർദേശം നൽകിയിട്ടുണ്ട്. പോളിങ് ബൂത്തുകളിൽ കേന്ദ്ര സേനയെ നിയോഗിക്കണമെന്ന ആവശ്യം ഈ സാഹചര്യത്തിലാണ് ഉയർന്നിട്ടുള്ളത്.