രണ്ടാമതും ‘തോൽവി’; നയതന്ത്രത്തിൽ മോദി പരാജയമോ? മാലദ്വീപിൽ ചൈനയ്ക്കൊപ്പം പുതിയ ‘ശത്രു’
Mail This Article
2024, പുതുവർഷത്തിലെ ആദ്യ ആഴ്ച ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തിൽ വലിയ ഉലച്ചിലാണ് സംഭവിച്ചത്. രാമക്ഷേത്രവും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നിറഞ്ഞു നിൽക്കുന്നിടത്തേയ്ക്കാണ് അന്ന് മാലദ്വീപും ലക്ഷദ്വീപും അതിവേഗം കടന്നുവന്നത്. പിന്നീട് ദിവസങ്ങളോളം ജനശ്രദ്ധ കവർന്ന വിഷയങ്ങളായി ഇവ മാറി. രാഷ്ട്രീയത്തിന് അതീതമായി ദേശീയതയ്ക്ക് ജനമനസ്സുകളിൽ സ്ഥാനമുണ്ടെന്ന് ഇതിന് മുൻപും ഇന്ത്യയിൽ തെളിഞ്ഞിട്ടുണ്ട്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുൻപ് പാക്കിസ്ഥാനിലേക്ക് കടന്നു കയറിയുള്ള ഇന്ത്യൻ വ്യോമസേനയുടെ തിരിച്ചടി, ബാലക്കോട്ട് ആക്രമണം, അത്തരത്തിലൊന്നായിരുന്നു. ആഭ്യന്തരമായ അനേകം വിഷയങ്ങൾ തുടർഭരണമെന്ന മോദിസ്വപ്നത്തിന് മുകളിൽ കരിനിഴൽ പടർത്തിയ സമയമാണ് ബാലക്കോട്ട് ആക്രമണം സംഭവിച്ചത്. ദേശീയതയെന്ന വികാരമുണർത്തിയാണ് അന്ന് ബിജെപി വോട്ടു തേടിയതെന്ന ആരോപണം പ്രതിപക്ഷം ഇപ്പോഴും ഉന്നയിക്കുന്നുണ്ട്. അതേസമയം, ഇക്കുറി തിരഞ്ഞെടുപ്പിലേക്ക് രാജ്യം കടന്നിരിക്കെ അത്തരമൊരു വിഷയമായി കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നത് മാലദ്വീപിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പായിരുന്നു. അതിലെ ഫലം തിരിച്ചടിക്കുകയും ചെയ്തു. ഇന്ത്യയിലെ ഭരണകക്ഷിക്ക് ഒട്ടും അനുകൂലായ വിധത്തിലായിരുന്നില്ല ആ ഫലം. മാലദ്വീപ് എങ്ങനെയാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വിഷയമായി മാറുന്നത്? അതിനെ എങ്ങനെയാവും ബിജെപി പ്രതിരോധിക്കുക? മാലദ്വീപിൽ രണ്ടാമതും ചൈനീസ് മോഹങ്ങൾ തിരഞ്ഞെടുപ്പിലൂടെ ജയം നേടുമ്പോൾ അത് ഇന്ത്യയുടെ താൽപര്യങ്ങളെ ബാധിക്കുക എപ്രകാരമായിരിക്കും? വിശദമായി പരിശോധിക്കാം.