ശല്യക്കാർക്കു കീഴടങ്ങണോ?
Mail This Article
മിക്കവരും പറയാൻ മടിക്കുന്ന വിഷയമാണ്. ദുഃസ്സഹമായ അന്തരീക്ഷത്തിലും സാഹചര്യത്തിലും യാതന അനുഭവിക്കേണ്ടി വരുന്ന അവസ്ഥ. ഉള്ളതു പറഞ്ഞുപോയാൽ വ്യക്തിബന്ധങ്ങൾ തകരും. ചിലപ്പോൾ മാനഹാനിയാകും ഫലം. എന്താണു ചെയ്യുക എന്നത് പലരെയും അലട്ടുന്ന പ്രശ്നം. ഉദാഹരണങ്ങൾ പലതുമുണ്ട്. നാം ട്രെയിൻ യാത്രയിലാണ്. അഞ്ചു മണിക്കൂർകൊണ്ടേ ലക്ഷ്യസ്ഥാനത്ത് എത്തുകയുള്ളൂ. തൊട്ടടുത്ത സീറ്റിലുള്ള അപരിചിതനും അതേ സ്ഥലത്തേക്കു തന്നെ. ഒന്നു ചിരിച്ചു. അദ്ദേഹവും ചിരിച്ചു. അതോടെ നമ്മുടെ നേർക്കു ചോദ്യങ്ങളുടെ കുത്തൊഴുക്കായി. ഏതു ക്രിമിനൽ വക്കീലും നാണിച്ചുപോകുന്ന ചോദ്യശൈലി. വീട്ടുകാര്യമടക്കം സർവതും പറയാതെ രക്ഷയില്ല. എല്ലാം നാരുകീറി ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. അത്ര വലിയ സൗഹൃദമൊന്നും ആവശ്യമില്ലാത്തതിനാൽ ക്ഷമകെട്ട് ഒടുവിൽ ഉത്തരം പറയാതിരുന്നു. അതോടെ അയാളുടെ മുഖം കറുത്തു. ചോദ്യമഴയിൽനിന്നു രക്ഷപ്പെട്ടെന്ന് ആശ്വസിച്ചു. അറ്റ കൈയ്ക്ക് ചോദ്യങ്ങളോടു വിമുഖത കാട്ടിയില്ലെങ്കിൽ അഞ്ചു മണിക്കൂർ നേരം നിരന്തരം ചോദ്യവർഷങ്ങളിൽ നനഞ്ഞുകുളിച്ചു തളർന്നുപോയേനേ. ഈ സാഹചര്യത്തിൽ കീഴടങ്ങിയിരുന്നെങ്കിലോ?