കൊന്നും കൊലവിളിച്ചും അധികാരത്തിന്റെ കാൽനൂറ്റാണ്ട്: ഐഎസ് ഭീകരർ ‘രക്ഷപ്പെട്ടതും’ പുട്ടിന്റെ തന്ത്രം?
Mail This Article
അധികാരത്തിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. എന്നാൽ രജതജൂബിലി വർഷം അദ്ദേഹത്തിന്റെ കാൽച്ചുവട്ടിൽ മുള്ളുകളും കർണങ്ങളിൽ വിലാപവുമാണ് നിറയുന്നത്. പ്രതിപക്ഷ നേതാവ് അലക്‌സി നവൽനി മുതൽ യുക്രെയ്‌നിലെ പുഞ്ചുകുഞ്ഞിന്റെ വരെ മരണത്തിന് ഉത്തരം പറയേണ്ട ഉത്തരവാദിത്തം പുട്ടിനുണ്ട്. ‘ജനപ്രിയ’ നേതാവെന്ന പ്രതിച്ഛായ ഓരോ ദിവസവും ഇടിയുകയാണ്. സുതാര്യമല്ലാത്തത് എന്നു ലോക മാധ്യമങ്ങൾ ചാപ്പ കുത്തിയ തിരഞ്ഞെടുപ്പിലൂടെ ആറു വർഷത്തേയ്ക്ക് അധികാരത്തുടർച്ച ഉറപ്പാക്കിയെങ്കിലും സമീപ കാല സംഭവങ്ങൾ അദ്ദേഹത്തിന് ഒട്ടും ശുഭകരമല്ല. അതിൽ ഒടുവിലത്തേതാണ് മോസ്കോയ്ക്കു സമീപം സംഗീതശാലയിലുണ്ടായ തീവ്രവാദി ആക്രമണം. രണ്ടു പതിറ്റാണ്ടിനിടെ റഷ്യയിലുണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണമായി ഇതു കണക്കാക്കുന്നു. പുട്ടിൻ ഏകാധിപത്യത്തിന്റെ ആൾരൂപമായി മാറുമ്പോഴും റഷ്യക്കാരുടെ സുരഷിതത്വം ഉറപ്പു വരുത്തുന്ന അധികാരിയെന്ന ഖ്യാതി അദ്ദേഹത്തിനുണ്ടായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തിന്റെയും അതിന്റെ തകർച്ചയുടെയും തിക്തഫലങ്ങൾ ആവോളം അനുഭവിച്ച റഷ്യക്കാർക്ക് ആഭ്യന്തര ആക്രമണങ്ങളും സോവിയറ്റ് യൂണിയനിൽനിന്നു വിട്ടുപോയ പ്രദേശങ്ങളിൽ നിന്നുമുള്ള ആക്രമണങ്ങളും ദുരിതം സൃഷ്ടിച്ചിരുന്നു. പുട്ടിന്റെ വരവോടെ റഷ്യയിൽ ആഭ്യന്തര സമാധാനത്തിന്റെ നാളുകൾ പുലരാൻ തുടങ്ങിയിരുന്നു. എന്നാൽ സംഗീതശാലയിൽ ഉതിർന്ന ഓരോ വെടിയുണ്ടയും റഷ്യക്കാരുടെ ആ സുരക്ഷിതത്വ ബോധത്തിലാണ് വിള്ളൽ വീഴ്ത്തിയത്.