മോദിയുടെ 400 സീറ്റെന്ന സ്വപ്നം തകർത്ത ഭയം; ആ പ്രസംഗത്തിന് പിന്നിൽ ചിലതുണ്ട്; ‘ഇന്ത്യ തിരിഞ്ഞുനടക്കുന്നെന്ന്’ വിദേശ മാധ്യമങ്ങളും
Mail This Article
‘മുസ്‌ലിംകൾക്ക് ഒരു രാജ്യം നൽകി, ഇനിയുള്ളത് ഹിന്ദു ഇന്ത്യ’. ഇങ്ങനെ വിശ്വസിച്ചവർ വിഭജന കാലത്ത് ഉണ്ടായിരുന്നു. അവർ ആത്മാർഥമായാണ് അങ്ങനെ കരുതിയിരുന്നതെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനായ സയ്യിദ് നഖ്വി ഒരിക്കൽ ചൂണ്ടിക്കാട്ടിയത്. അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് ഗാന്ധിജിയും നെഹ്റുവും ഡോ. അംബേദ്കറും അടക്കമുള്ള വിദേശ വിദ്യാഭ്യാസം നേടി ആധുനിക കാഴ്ചപ്പാടുകൾ സ്വാംശീകരിച്ച ദേശീയ നേതാക്കൾ ആയിരുന്നു. ആധുനികരായിരുന്ന അവർ ഇന്ത്യയെ ജനാധിപത്യമായി പരിവർത്തിപ്പിക്കാനാണ് തീരുമാനിച്ചത്. ഇതിൽ വലിയൊരു വിഭാഗത്തിന് ഇച്ഛാഭംഗം ഉണ്ടായി. അതിന്റെ പ്രതികരണങ്ങളിൽ ഒന്നായിരുന്നു ഗാന്ധിജിയുടെ വധം. അദ്ദേഹത്തെ വധിക്കാൻ നാഥുറാം ഗോഡ്സെയെ ഒരുക്കിയത് ഈ ചിന്താഗതിയായിരുന്നു. സ്വാതന്ത്ര്യം വാങ്ങിത്തന്ന ഉന്നതരായ ഈ നേതാക്കളോട് അവർക്കോ അവരുടെ സംഘടനകൾക്കോ വിരോധമുണ്ടായിരുന്നില്ല. ഹിന്ദു ഇന്ത്യ ഉണ്ടാകാതെ പോയതു മാത്രമാണ് അവരെ പ്രകോപിപ്പിച്ചത്. മഹാത്മാവിന്റെ കാലുതൊട്ടുവന്ദിച്ച ശേഷമാണ് ഗോഡ്സെ നിറയൊഴിച്ചത്.