മോദി സ്വപ്നം കണ്ടത് 400: ഭീഷണിയായി 2976 അശ്ലീല വിഡിയോകളുടെ ‘പെൻഡ്രൈവ്’; ‘പ്രജ്വലം’ കർണാടക രാഷ്ട്രീയം
Mail This Article
‘‘ചാന്ദ്രയാൻ ദൗത്യം, കോവിഡ് വാക്‌സിനേഷൻ, കായിക മേഖലയിലെ നേട്ടങ്ങൾ തുടങ്ങിയവയുടെയെല്ലാം വിജയത്തിന്റെ ‘ക്രെഡിറ്റ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കുന്നു, എന്നാൽ രാജ്യത്ത് സ്ത്രീകൾക്ക് നേരെ അതിക്രമങ്ങളും ബലാത്സംഗങ്ങളും അനീതിയും സംഭവിക്കുമ്പോൾ താൻ തെറ്റുകാരനല്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ലൈംഗികാതിക്രമ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തേ അറിഞ്ഞിട്ടും കർണാടകയിലെ ഹാസൻ മണ്ഡലത്തിൽ, ജെഡിഎസ്-ബിജെപി സഖ്യ ലോക്‌സഭാ സ്ഥാനാർഥിയായി പ്രജ്വൽ രേവണ്ണയ്ക്ക് ടിക്കറ്റ് നൽകിയതിൽ മോദിയും അമിത് ഷായും ലജ്ജിക്കുന്നില്ലേ... ദേശീയ വനിതാ കമ്മിഷനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിഷയത്തില്‍ തീർത്തും നിശ്ശബ്ദത പാലിക്കുകയാണ്. മണിപ്പുർ, ഹത്രസ്, ഇപ്പോൾ ഹാസൻ പെൻഡ്രൈവ് കേസ്... ഇതൊന്നും ദേശീയ മാധ്യമങ്ങൾ കാണുന്നില്ല, ചർച്ചയാക്കുന്നില്ല.’’ – എഐസിസി സമൂഹമാധ്യമ വിഭാഗം അധ്യക്ഷ സുപ്രിയ ശ്രീനേറ്റിന്റെ വാക്കുകളാണിത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ലോക്സഭയിലേക്കു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തു വിലകൊടുത്തും അധികാരത്തിൽ തുടരാൻ ബിജെപിയും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും ദിവസവും നിരവധി വിഷയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഒട്ടും വിട്ടുകൊടുക്കാതെയാണ് ഇരുവിഭാഗത്തിന്റെയും മുന്നേറ്റം. രണ്ടു ഘട്ടം വോട്ടെടുപ്പു മാത്രമേ ഇതുവരെ അവസാനിച്ചിട്ടുള്ളൂ. ഇനിയും അഞ്ചു ഘട്ടം തീരാനുണ്ട്. 400 സീറ്റ് ഒറ്റയ്ക്ക് നേടാനുള്ള പോരാട്ടത്തിലാണ് ബിജെപി. അതിനു വേണ്ടിയുള്ള പരിശ്രമത്തിനിടെ കർണാടകയിൽനിന്നേറ്റ തിരിച്ചടിയാണ് ഇപ്പോൾ പാർട്ടിക്ക് തലവേദനയായിരിക്കുന്നത്.