വിസ്മരിക്കപ്പെട്ട രക്തസാക്ഷി
Mail This Article
18 വർഷത്തോളം തുടർച്ചയായി ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ ധീരൻ, പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ പതറാത്ത നിർഭയനായ എഴുത്തുകാരൻ, ഗാന്ധിശിഷ്യൻ ആയിരിക്കുമ്പോൾത്തന്നെ വിപ്ലവകാരികളായ ഭഗത് സിങ്ങിനും ചന്ദ്രശേഖർ ആസാദിനും തണലേകിയ ആത്മസുഹൃത്ത്, പ്രതിസന്ധികൾക്കും ജയിൽവാസത്തിനുമിടയിലും ‘പ്രതാപ്’ എന്ന ദിനപത്രവും ‘പ്രഭ’ എന്ന മാസികയും മുടക്കമില്ലാതെ പ്രസിദ്ധീകരിച്ച പത്രാധിപർ, രാജ്യമെമ്പാടും നടന്ന കർഷക - തൊഴിലാളി സമരങ്ങളുടെ കരുത്തുറ്റ സംഘാടകൻ, വർഗീയതയുടെ നിശിതവിമർശകൻ... ഗണേഷ് ശങ്കർ വിദ്യാർഥി എന്ന ദേശാഭിമാനിയായ പത്രപ്രവർത്തകനെക്കുറിച്ചു പറയാൻ വിശേഷണങ്ങൾ മതിയാകില്ല. 1931 മാർച്ച് 25ന് കാൻപുരിലെ വർഗീയകലാപത്തിൽ ദാരുണമായി കൊല്ലപ്പെടുന്നതുവരെ ആ അസാധാരണപ്രതിഭയുടെ ജീവിതം ജയിൽമുറിയിൽനിന്നു പത്രമോഫിസിലേക്കും തിരികെയുമുള്ള ഏകാന്തമായ ഓട്ടമായിരുന്നു. എന്നിട്ടും, സ്വാതന്ത്ര്യസമരത്തിലെ ധീരരക്തസാക്ഷിയായ ഗണേഷ് ശങ്കർ വിദ്യാർഥിയെ അപൂർവം ചിലർ മാത്രമേ ഇന്ന് ഓർക്കുന്നുണ്ടാകൂ.