നേതാക്കളില്ലാതാകുന്ന തെക്കൻ കേരളം – രാംമോഹൻ പാലിയത്ത് എഴുതുന്നു
Mail This Article
കുടിയേറ്റത്തെ ആരെതിർത്താലും മലയാളികൾ എതിർക്കാൻ പാടില്ല. കാരണം, ഇന്ത്യ ഉണ്ടാകുന്നതിനു മുൻപേ കുടിയേറ്റമാരംഭിച്ച ഇന്ത്യക്കാരുടെ മുൻനിരയിൽത്തന്നെ മലയാളികളുമുണ്ടായിരുന്നു. അങ്ങനെയാണല്ലോ തലശ്ശേരി തിരുവങ്ങാട്ടുനിന്നു കുടിയേറിയ മാതാപിതാക്കൾക്ക് 1923ൽ മലേഷ്യയിൽ ജനിച്ച സി.വി.ദേവൻ നായർ 1981ൽ സിംഗപ്പൂരിന്റെ മൂന്നാമത്തെ പ്രസിഡന്റായത്. അതുകൊണ്ട് വടക്കൻ കേരളത്തിൽനിന്നുള്ള ശശി തരൂർ, പന്ന്യൻ രവീന്ദ്രൻ, രാജീവ് ചന്ദ്രശേഖർ എന്നിവരായിരുന്നു സംസ്ഥാനത്തിന്റെ തെക്കേയറ്റത്തെ പ്രധാന ലോക്സഭാ സ്ഥാനാർഥികളെന്നു പരാതിപ്പെടുന്നതിൽ അർഥമില്ല. പോരാഞ്ഞ് തരൂർ ജനിച്ചത് ലണ്ടനിൽ, രാജീവിന്റെ ജന്മസ്ഥലം അഹമ്മദാബാദും. എന്നാലും ഈ സംഗതിയിൽനിന്ന് ആലോചിച്ചാൽ ഒരു കാര്യം ശ്രദ്ധയിൽപെടും - തിരുവനന്തപുരത്തു മാത്രമല്ല കൊച്ചിക്കു തെക്ക് മൊത്തത്തിൽത്തന്നെ ഒരു നേതൃദാരിദ്ര്യമുണ്ട്. അതൊരു തിരഞ്ഞെടുപ്പു വിഷയമോ സ്ഥാനാർഥിക്കാര്യമോ പ്രാദേശികവാദമോ മാത്രമല്ല. അത് ഒരു പാർട്ടിയുടെയോ സമുദായത്തിന്റെയോ മാത്രം കാര്യവുമല്ല. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്കു മാത്രമല്ല വിദ്യാർഥികൾക്കും വിദ്യാർഥിരാഷ്ട്രീയത്തോടു താൽപര്യം കുറഞ്ഞുവരുന്ന ഈ സന്ദർഭത്തിൽ നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച ചില വലിയ ചോദ്യങ്ങൾ ഇക്കാര്യം നമ്മളോട് ഉന്നയിക്കുന്നു.